ഒരു തുമ്പിയും ഒരു നാടും ഒരു തെരഞ്ഞെടുപ്പും; പറന്ന് പറന്ന് വയനാടന്‍ തുമ്പി
എപിതെമിസിസ് വയനാടന്‍സിസ് എന്ന വയനാടന്‍ തുമ്പിയും നാടു ചുറ്റുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രത്യേക ഇലക്ഷന്‍ മാസ്‌ക്കോട്ട് സ്വീറ്റിയാണ് ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ അപൂര്‍വ്വ തുമ്പിയുടെ വിശേഷങ്ങളാണ് ഒട്ടേറെ ആളുകള്‍ തിരയുന്നത്. റെഡ് റെമ്പഡ് ഹാക്ക് ലെറ്റ് എന്ന പേരിലും ഈ തുമ്പി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ നീലഗിരിയിലും കൂര്‍ഗ് മലനിരകളിലും വയനാടിനെ കൂടാതെ ഈ തുമ്പിയുടെ സാന്നിധ്യമുണ്ട്. സാധാരണഗതിയില്‍ ഒക്‌ടോബര്‍ മാസത്തിലാണ് ഈ തുമ്പികളുടെ സഞ്ചാരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രനും സുബിന്‍ കെ.ജോസും ചേര്‍ന്ന സംഘമാണ് ഈ തുമ്പിയെ വയനാട്ടില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ മാറുന്ന കാലാവാസ്ഥയില്‍ ഈ തുമ്പിയുടെ വംശപരമ്പരകള്‍ ഇന്ന് അപ്രത്യക്ഷമാകുന്നവയുടെ പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ ഈ തുമ്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷന്‍ മാസ്‌ക്കോട്ട് ക്യാമ്പെയിനിലൂടെ പങ്കുവെക്കുന്നത്. സ്‌പ്രെഡിങ്ങ് വയനാട്‌സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയുടെ വിപുലീകരണം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വീറ്റിയും തിരക്കിലാണ്. സ്വീപിന്റെ നേതൃത്വത്തില്‍ സ്വീറ്റി വിപുലമായ പ്രചാരണത്തിന്റെ ഭാഗമായി എല്ലായിടത്തും പറന്നെത്തുന്നു. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്ര നിര്‍മ്മിതിയില്‍ നമ്മള്‍ക്കും പങ്കാളിയാകാമെന്നാണ് ഈ വയനാടന്‍ തുമ്പിയും ഓര്‍മ്മിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീകരിക്കാന്‍ ഒരുങ്ങിയ സ്വീറ്റിയെ കളക്‌ട്രേറ്റ് അങ്കണത്തിലും വരേവറ്റു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച്കുമാര്‍ ശ്രീവാസ്തവ, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഖെയ്ക്ക് വാദ്, എ.ഡി.എം. കെ.ദേവകി, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബ്കളക്ടറും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായ മിസല്‍ സാഗര്‍ ഭരതാണ് മുന്‍ കൈയ്യെടുത്താണ് സ്വീറ്റി മാസ്‌ക്കോട്ട് ആശയം സാക്ഷാത്കരിച്ചത്. സ്വീപിന്റെ ഭാഗമായി നിരവധി വോട്ടര്‍ ബോധവത്കരണ പരിപാടികളാണ് ജില്ലയില്‍ അരങ്ങേറിയത്. യുവാക്കള്‍, കന്നി വോട്ടര്‍മാര്‍ തുടങ്ങി മുതിര്‍ന്ന വോട്ടര്‍മാര്‍ക്കിടയിലും വേറിട്ട പ്രാചരണ പരിപാടികള്‍ ശ്രദ്ധനേടിയിരുന്നു. സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു.സിത്താര, ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകള്‍, നെഹ്‌റുയുവക് കേന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്