തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വിരുദ്ധ വിദ്വേഷ പരസ്യങ്ങൾക്ക് മെറ്റ അനുമതി നല്‍കി; ഗുരുതര കണ്ടെത്തലുകളുമായി റിപ്പോർട്ട് പുറത്ത്

Meta

വാഷിങ്ടൺ/ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോൾ ടെക് ഭീമനായ മെറ്റയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ. മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന ബി.ജെ.പിയുടെ പരസ്യചിത്രങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ അനുമതി നൽകിയെന്നാണു പുറത്തുവരുന്ന വിവരം. സിവിൽ സൊസൈറ്റി കൂട്ടായ്മയായ ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷനലും(ഐ.സി.ഡബ്ല്യു.ഐ) കോർപറേറ്റ് അക്കൗണ്ടബിലിറ്റി സംഘമായ ഇക്കോയും ചേർന്നാണു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുള്ള പരസ്യങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ പുറത്തുവിട്ടിരിക്കുകയാണ്.Meta

മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പരസ്യങ്ങൾക്കാണ് മെറ്റ ഒരു എതിർപ്പുമില്ലാതെ പച്ചക്കൊടി കാട്ടിയത്. ‘ഈ കീടങ്ങളെ കത്തിച്ചുകളയണം’, ‘ഹിന്ദുരക്തം ചിന്തുകയാണ്; ഈ നുഴഞ്ഞുകയറ്റക്കാരെ ചുട്ടുകളയണം’ എന്നു തുടങ്ങുന്ന തലക്കെട്ടുകളിലുള്ള ബി.ജെ.പി പരസ്യങ്ങളാണ് മെറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചത്. പാകിസ്താൻ പതാക ചേർത്തുവച്ച് ‘ഹിന്ദുക്കളെ ഇന്ത്യയിൽനിന്നു തുടച്ചുനീക്കാൻ’ നോക്കുന്ന പ്രതിപക്ഷ നേതാവിനെ വകവരുത്തണമെന്ന് ആഹ്വാനം ചെയ്യുന്നതാണു മറ്റൊരു വിഡിയോ. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതിനപ്പുറം കലാപത്തിനു പ്രേരണ നൽകുന്നതാണ് ഇവയെല്ലാം.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മെറ്റ പ്ലാറ്റ്‌ഫോമുകളില് വന്ന പരസ്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിച്ചത്. മേയ് എട്ടിനും 13നും ഇടയിൽ ഇത്തരത്തിൽ വിദ്വേഷജനകമായ 14 പരസ്യങ്ങൾക്കാണ് മെറ്റ അനുമതി നൽകിയത്. മുസ്‌ലിംകൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും മതസ്പർധ പരത്തുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ അടങ്ങിയതുമായ പരസ്യചിത്രങ്ങളാണ് ഇവയെല്ലാമെന്ന് പഠനത്തിൽ പറയുന്നു. നിശബ്ദപ്രചാരണ സമയത്തെ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളുമെല്ലാം മറികടന്നും ഇത്തരത്തിലുള്ള പരസ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മുസ്‌ലിംകളെ കത്തിക്കാനും കൊല്ലാനും ആഹ്വാനം ചെയ്യുന്ന വിഡിയോകളിൽനിന്നു പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട് മെറ്റ. വിദ്വേഷ പ്രസംഗം, പീഡനം, അതിക്രമം, വ്യാജവാർത്ത, അക്രമം, കലാപപ്രേരണ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കമ്പനിയുടെ തന്നെ നയങ്ങൾക്കു വിരുദ്ധമായ പരസ്യ വിഡിയോകൾക്കാണ് മെറ്റ അനുമതി നൽകിയത്. പ്രതിപക്ഷം മുസ്‌ലിംകളോട് പ്രീണനനയം സ്വീകരിക്കുന്നുവെന്ന് ആരോപിക്കുകയും ‘മുസ്‌ലിം അധിനിവേശക്കാർ’ ഇന്ത്യയെ വിഴുങ്ങാൻ പോകുകയാണെന്നു ഭീതി പരത്തുകയും ചെയ്യുന്ന വിഡിയോകൾ ഇക്കൂട്ടത്തിലുണ്ട്. മുസ്‌ലിംകൾ രാമക്ഷേത്രം ആക്രമിച്ചെന്ന വ്യാജ പ്രചാരണങ്ങളുമുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ ഭാഷകളിലെല്ലാമുള്ള പരസ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്റ്റേബിൾ ഡിഫ്യൂഷൻ, മിഡ്‌ജേണി ഉൾപ്പെടെയുള്ള എ.ഐ ടൂളുകൾ ഉപയോഗിച്ചു നിർമിച്ച ചിത്രങ്ങളും ഇവയിൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇ.വി.എം മെഷീൻ കത്തിക്കുന്നതിന്റെയും അതിർത്തിയിൽ കുടിയേറ്റക്കാർ കൂട്ടംകൂടി നിൽക്കുന്നതിന്റെയും ഹിന്ദു-മുസ്‌ലിം ദേവാലയങ്ങൾ കത്തിച്ചതിന്റെയും ദൃശ്യങ്ങൾ ഇങ്ങനെ കൃത്രിമമായി പടച്ചുണ്ടാക്കിയവയാണ്.

എ.ഐ ഉള്ളടക്കങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ മെറ്റയ്ക്ക് കൃത്യമായ നിയമവും സംവിധാനങ്ങളുമെല്ലാം ഉണ്ടായിട്ടും അതൊക്കെയും മറികടന്നാണ് ബി.ജെ.പി പരസ്യങ്ങൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിർബാധം പ്രചരിച്ചത്.

ഹീനമായ വിദ്വേഷ പ്രസംഗങ്ങളും പള്ളികൾ കത്തിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിപ്പിക്കാനും അക്രമാസക്തമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാനും കൃത്യമായി ആളുകളെ ടാർഗെറ്റ് ചെയ്തുള്ള പരസ്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വംശീയവാധികൾക്കും സ്വേച്ഛാധിപതികൾക്കും അറിയമെന്ന് ഇക്കോ ഗവേഷണ സംഘത്തിലുണ്ടായിരുന്ന മായിൻ ഹമ്മാദ് ‘ഗാർഡിയനോ’ട് പ്രതികരിച്ചു. മെറ്റ സന്തോഷത്തോടെ, ഒരു ചോദ്യവുമില്ലാതെ ഇവരുടെ പണം സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമ്പനിയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുന്നതാണു രീതിയെന്നാണ് മെറ്റ വക്താവ് ഗാർഡിയനോട് പ്രതികരിച്ചത്. രാഷ്ട്രീയ പരസ്യങ്ങൾ കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും എല്ലാ നിയമങ്ങളും പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വക്താവ് വ്യക്തമാക്കിയത്. എന്നാൽ, ഇത്രയും കർശനവും കൃത്യവുമായ നടപടിക്രമങ്ങൾ നിലവിലുണ്ടായിട്ടും ബി.ജെ.പിയുടെ വിദ്വേഷ പരസ്യങ്ങൾ എങ്ങനെയാണ് ഒരു തടസവുമില്ലാതെ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചുവെന്ന ചോദ്യമാണ് ഗവേഷകർ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *