40 വർഷത്തെ പ്രവാസത്തിന് വിരാമം; ആർ.എം. ഉണ്ണിത്താൻ സലാലയിൽനിന്ന് മടങ്ങി

R.M. Unnithan

സലാല: സാംസ്‌കാരിക പ്രവർത്തകനും ജനസേവകനും ഐ.എസ്.സി മലയാള വിഭാഗം കൺവീനറുമായിരുന്ന ആർ.എം. ഉണ്ണിത്താൻ സലാലയിൽനിന്ന് മടങ്ങി. മുന്ന് ടേമിലായി ദീർഘകാലം ഐ.എസ്.സി മലയാള വിഭാഗം കൺവീനറായിരുന്നു. മാവേലിക്കര പുത്തൻമടം പടിഞ്ഞാറേകോട്ടയിൽ ഉണ്ണിത്താൻ 1984 ലാണ് പ്രവാസം ആരംഭിക്കുന്നത്. ബഹ്‌റൈനിലായിരുന്നു ആദ്യം അവിടെ പതിനാല് മാസം ജോലി ചെയ്തു. 1985ൽ മസ്‌കത്തിൽ എത്തി. അവിടെ ഷൻഫരി ട്രേഡിംഗിലായിരുന്നു അഞ്ച് വർഷം. 1990ലാണ് ഇതേ കമ്പനിയുടെ മാനേജറായി സലാലയിലെത്തുന്നത്. 2004 വരെ ഇതേ കമ്പനിയിലായിരുന്നു. അത് കഴിഞ്ഞാണ് സ്വന്തമായി കോൺട്രാക്ടിംഗ് കമ്പനി ആരംഭിക്കുന്നത്. ദുഖം പോർട്ടിന്റെ വർക്കുമായി ബന്ധപ്പെട്ട് കുറെ കാലം ദുഖത്തായിരുന്നു. കൈരളി സലാലയുടെ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ദീർഘകാലം. 2001 ലാണ് മലയാള വിഭാഗം കൾച്ചറൽ സെക്രട്ടറിയാകുന്നത്. പിന്നീട് 2003, 2011, 2017 കാലയളവിൽ മലയാള വിഭാഗം കൺവീനറയിരുന്നു. മലയാള വിഭാഗത്തെ ജനകീയവത്കരിക്കുന്നതിലും സിനിമ സാഹിത്യ മേഖലയിലെ പ്രമുഖരെ ഇവിടെ കൊണ്ട് വരുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ്. R.M. Unnithan

സലാലയിൽനിന്ന് കരസ്ഥമാക്കിയ സുഹൃത് ബന്ധങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. മനുഷ്യൻ സാമൂഹ്യ ജീവിയായിരിക്കണമെന്നും കരുണയും സ്‌നേഹവും ആർദ്രതയും സഹ ജീവികൾക്ക് ആവോളം പകർന്ന് നൽകാനും കഴിയണെമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബവും ദീർഘകാലം സലാലയിൽ ഉണ്ടായിരുന്നു. ഭാര്യ ബീന മകൻ വൈശാഖ് യു.എസിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ വരുൺ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. തന്റെ കമ്പനിയുടെ പ്രവർത്തനം തത്കാലത്തേക്ക് അവസാനിപ്പിച്ചാണ് ഇദ്ദേഹം മടങ്ങിയത്. സലാല ജീവിതത്തിന്റെ ഭാഗമാണെന്നും അതിനാൽ ഇടക്ക് ഇവിടെ വരാതിരിക്കാനാകില്ലെന്നും ആർ.എം. ഉണ്ണിത്താൻ പറഞ്ഞു. മെയ് 25 ശനി ഉച്ചക്ക് സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സിനാണ് മടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *