അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
കൊച്ചി: അങ്കമാലിയിൽ നാടിനെ നടുക്കി പറക്കുളത്തെ നാലംഗ കുടുംബത്തിന്റെ വേർപാട്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ബിനീഷ്, ഭാര്യ അനു മക്കളായ ജൊവാന, ജെസ്വിൻ എന്നിവർ മരിച്ചു എന്ന ദുരന്തവാർത്ത നാടിനിനിയും ഉൾക്കൊള്ളാനായിട്ടില്ല.
ഇന്ന് പുലർച്ചെ 4 മണിക്കാണ് ബിനീഷിന്റെ വീടിന് മുകൾ നിലയിൽ തീപിടിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ട് തന്നെയാവാം എന്നതാണ് നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
നന്നേ പുലർച്ചെ ആയതുകൊണ്ട് തന്നെ തീപിടിച്ചതറിയാൻ വൈകിയതാണ് വിനയായത്. നാല് മണിക്ക് ബിനീഷിന്റെ അമ്മ പ്രാർഥനയ്ക്ക് എണീറ്റപ്പോൾ തന്നെ മുകൾനില മുഴുവൻ തീ പടർന്നിരുന്നതായാണ് വിവരം. ഇവരുടെ നിലവിളി ആരും കേട്ടതുമില്ല. ഇവരും വീട്ടിലെ സഹായിയായ യുവാവും ബക്കറ്റിലും മറ്റുമായി വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിക്കവേ, ഏറെ വൈകിയാണ് വിവരം നാട്ടുകാരറിയുന്നത്.
വീട്ടിൽ തീ പടരുന്നത് കണ്ട പത്ര ഏജന്റാണ് പിന്നീട് സമീപവാസികളെ വിവരമറിയിക്കുന്നത്. ഇവരിലൊരാൾ വീടിന് പിന്നിലൂടെ മുകൾ നിലയിലെത്തിയെങ്കിലും തീ ആളിപ്പടരുന്ന നിലയിലായിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. മുകൾ നിലയിലെ തുറന്നിട്ട ജനാലയിലൂടെ മുറിക്കകം നിറഞ്ഞ തീയും പുകയും മാത്രമാണ് കാണാനായത്. സ്ഥലത്ത് പിന്നീട് പൊലീസും ഫയർഫോഴ്സുമെത്തി തീ അണയ്ക്കുകയായിരുന്നു. നിലവിൽ തീ പൂർണമായും കെടുത്തിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ പുറത്തെടുത്തിട്ടില്ല.. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റോ ഉണ്ടായിരുന്നതായി ആർക്കും അറിവില്ല.