ഗസ്സയിലെ ആക്രമണം: ബ്രാൻഡുകൾ ബഹിഷ്കരിച്ച് മൂന്നിലൊന്ന് ഉപഭോക്താക്കൾ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ബ്രാൻഡുകൾക്കെതിരെയാണ് ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിട്ടുള്ളത്. പല കമ്പനികൾക്കും വലിയ നഷ്ടമുണ്ടായി. പലയിടത്തും സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ഇതിന്റെ പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ ലോകോത്തര ബ്രാൻഡുകൾ മൂന്നിലൊന്ന് ഉപഭോക്താക്കളും ബഹിഷ്കരിച്ചതായി ആഗോള സർവേ ചൂണ്ടിക്കാട്ടുന്നു. എഡൽമാൻസിന്റെ ഏറ്റവും പുതിയ ട്രസ്റ്റ് ബാരോമീറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സാധനങ്ങളിൽ വാങ്ങുന്നതിലും പ്രകടിപ്പിക്കുകയാണ്. ഇന്ത്യയിലടക്കമുള്ള 15,000 പേരാണ് സർവേയിൽ പങ്കെടുത്തത്.
അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളായ സ്റ്റാർബക്ക്സ്, മക്ഡൊണാൾഡ്, കൊക്ക കോള തുടങ്ങിയ കമ്പനികൾ ബഹിഷ്കരണത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. പല കമ്പനികളും തങ്ങൾ ഒരു പക്ഷത്തെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബഹിഷ്കരണം തുടരുകയാണ്.
ഏത് രാജ്യത്തെ ഉൽപ്പന്നമാണെന്നതും ഉപഭോക്താക്കളെ സംബന്ധിച്ച പ്രധാന കാര്യമാണ്. ചില രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾ 78 ശതമാനം പേരും ഒഴിവാക്കുന്നതായും സർവേയിൽ പറയുന്നു. 60 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡുകളെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവുണ്ടായതായും സർവേ സൂചിപ്പിക്കുന്നു.
മക്ഡൊണാൾഡിന്റെ ആദ്യ പാദത്തെ വിൽപ്പനയിൽ വലിയ ഇടിവ് നേരിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രായേലിലെ മക്ഡൊണാൾഡ് ഫ്രാഞ്ചൈസി ഇസ്രായേൽ അധിനിവേശ സേനയിലെ അംഗങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആഗോളതലത്തിൽ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലാണ് വലിയ തിരിച്ചടി കമ്പനി നേരിട്ടത്.
അമേരിക്കൻ കോഫി ബ്രാൻഡായ സ്റ്റാർബക്ക്സിനും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയാണെന്ന് മാർച്ചിൽ അറിയിച്ചിരുന്നു. അമേരിക്കയിലടക്കം വലിയ വരുമാന നഷ്ടമാണ് സ്റ്റാർബക്ക്സിനുണ്ടായത്. രണ്ടാഴ്ചക്കിടെ 12 ബില്യൺ യു.എസ് ഡോളർ കമ്പനിക്ക് നഷ്ടമായെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്.
കെ.എഫ്.സിയെയും ബഹിഷ്കരണ കാമ്പയിൻ വലിയ രീതിയിൽ ബാധിച്ചു. മലേഷ്യയിലെ 108 ഔട്ട്ലെറ്റുകളാണ് ഇതുവരെ അടിച്ചുപൂട്ടിയത്. പ്രമുഖ ഫാഷൻ കമ്പനിയായ സാറക്കെതിരെയും ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നു.
കൊക്കകോളയുടെ പരസ്യത്തിനെതിരെ ബംഗ്ലാദേശിലുണ്ടായ പ്രതിഷേധമാണ് ഒടുവിലത്തെ സംഭവം. ഗസ്സ യുദ്ധം തുടങ്ങിയ ശേഷം 23 ശതമാനം വിൽപ്പന നഷ്ടമാണ് ബംഗ്ലാദേശിലുണ്ടായത്. വിൽപ്പന തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിഡിയോ പരസ്യം കമ്പനി തയ്യാറാക്കിയത്.
കൊക്കകോള ഇസ്രായേലുമായി ബന്ധമുള്ള ഉൽപ്പന്നമല്ലെന്ന് പറയാനാണ് പരസ്യത്തിൽ ശ്രമിക്കുന്നത്. കഴിഞ്ഞ 138 വർഷമായി 190 രാജ്യങ്ങളിൽ കമ്പനിയുടെ ഉൽപ്പനങ്ങൾ ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഫലസ്തീനിൽ കോളയുടെ ഫാക്ടറിയുണ്ടെന്നും പരസ്യത്തിലുണ്ട്. പ്രതിഷേധത്തെ തുടർന്ന് ആദ്യം വിഡിയോ പിൻവലിക്കുകയുണ്ടായി. പിന്നീട് കമന്റ് ബോക്സ് ഓഫാക്കി വീണ്ടും പരസ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.