പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല; ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന.
അതേസമയം, സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകം ഉപയോഗിച്ച് തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.
നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന സമയത്ത്, സർവീസ് മോഡ്യൂളിലെ ത്രസ്റ്ററുകളിലും പിഴവുകൾ ഉണ്ടായിരുന്നു. യാത്രക്കാർ ബഹിരാകാശ നിലയത്തിൽ തുടരുന്നതിനിടയാണ്, എന്റെറോ ബക്ടർ ബുഗൻഡൻസിസ് എന്ന സൂപ്പർ ബഗ് ബാക്ടീരിയകളുടെ സാന്നിധ്യം നിലയത്തിൽ തിരിച്ചറിയുന്നത്. മടക്കയാത്രയുടെ കാരണം വിശദീകരിക്കുന്നില്ലെങ്കിലും സുനിതാ വില്യംസും ബുഷ് വിൽ മോറും എപ്പോൾ ഭൂമിയിലേക്ക് എത്തും എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനവും നാസ അറിയിച്ചിട്ടില്ല.
സുനിത വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത് ഈ മാസം ഏഴിനായിരുന്നു. പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റിയിരുന്നു. എന്നാൽ ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ലാത്തതിനാൽ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്.