ഗയാനയിൽ മഴ മാറി നിന്നു; ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ബാറ്റിങ്

Twenty20

ഗയാന: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു. മത്സരം നടക്കുന്ന ഗയാന പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴമൂലം ഒന്നര മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇരു ടീമുകളും സൂപ്പർ എയ്റ്റിലെ അതേ ടീമിനെ തന്നെ നിലനിർത്തി.Twenty20

ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ രണ്ട് വീതം ജയങ്ങളാണ് നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ആസ്‌ത്രേലിയയോടും സൂപ്പർ എയ്റ്റിൽ ദക്ഷിണാഫ്രിക്കയോടും തോൽവി നേരിട്ടിരുന്നു. അതേസമയം, ഇന്ത്യയാകട്ടെ തോൽവിയറിയാതെയാണ് സെമിയിലേക്ക് മുന്നേറിയത്. ഓപ്പണിങിൽ വിരാട് കോഹ്‌ലിയുടെ ഫോമിലാണ് ഇന്ത്യക്ക് ആശങ്ക. ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള താരം ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്. ക്യാപ്റ്റൻ ജോഷ് ബട്‌ലറിലാണ് ടീമിന്റെ പ്രതീക്ഷ. ഐ.പി.എല്ലിൽ മികച്ച ഫോമിൽ കളിച്ച ഫിൽസാൾട്ടും അവസരത്തിനൊത്തുയർന്നാൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയാകും. അതേസമയം, മത്സരം തുടങ്ങുമെങ്കിലും മഴ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല. കളി ഉപേക്ഷിച്ചാൽ സൂപ്പർ എയ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഫൈനലിലെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *