ചരിത്രം കുറിച്ച് വെർച്വൽ ലോകത്തെ സൗന്ദര്യ മത്സരം; കെൻസ ലെയ്ലി മിസ് എ.ഐ
സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യസങ്കല്പങ്ങളെയും അട്ടിമറിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എ.ഐ നിര്‍മിത സുന്ദരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഒരു വിശ്വപോരാട്ടത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..!? നിര്‍മിതബുദ്ധിയുടെ മായാലോകത്ത് ഇപ്പോഴിതാ ഒരു വിശ്വസുന്ദരിയും പിറന്നിരിക്കുന്നു; പേര് കെന്‍സ ലെയ്ല! ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ ഹിജാബിട്ട ‘മൊറോക്കക്കാരി’.
ലോകത്തിലെ ആദ്യ വെർച്വൽ സൗന്ദര്യ മത്സരത്തിൽ, 1500ലധികം കമ്പ്യൂട്ടർ മോഡിഫൈഡ് മോഡലുകളെ പിന്തള്ളിയാണ് ലെയ്ലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാർട്ടുകളിൽ ഒന്നാമതെത്തിയത്. മനുഷ്യരെപ്പോലെ വികാരങ്ങളില്ലെങ്കിലും താൻ ആവേശത്തിലാണെന്ന് ലെയ്ലി കിരീട നേട്ടത്തെക്കുറിച്ച് പ്രതികരിച്ചു. ഫ്രാൻസിൽനിന്നുള്ള ലാലിന വാലീന രണ്ടാം സ്ഥാനത്തും പോർച്ചുഗീസ് എ.ഐ മോഡൽ ഒലീവിയ മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യയുടെ സറാ ശതാവരി അവസാന പത്തിൽ എത്തി.
എല്ലായ്പ്പോഴും മൊറോക്കൻ സംസ്കാരത്തെ അഭിമാനപൂർവം പ്രദർശിപ്പിക്കുക എന്നതാണ് തന്റെ അഭിലാഷമെന്നും ഇന്റർനെറ്റ് സെൻസേഷനായി മാറിയ ലെയ്ലി പറയുന്നു. തന്റെ പ്രശസ്തി പശ്ചിമേഷ്യയിലേയും മൊറോക്കോയിലേയും സ്ത്രീശാക്തീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പോസിറ്റിവ് റോബോട്ട് സംസ്കാരത്തെക്കുറിച്ച് അവബോധം വളർത്താനും ഉപയോഗിക്കും. മനുഷ്യരും എ.ഐയും തമ്മിലുള്ള സ്വീകാര്യതയും സഹകരണവും പ്രോത്സാഹിപ്പിക്കാനും താൻ ലക്ഷ്യമിടുന്നതായി മത്സര വിജയി പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ലെയ്ലിയെ 1.97 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ഭക്ഷണം, സംസ്കാരം, ഫാഷൻ, ട്രാവൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ അടങ്ങിയ കണ്ടന്റുകളാണ് ലെയ്ലിയുടെ പേജിൽ പ്രത്യക്ഷപ്പെടുന്നത്. മൊറോക്കോയുടെ സാംസ്കാരികമായ പ്രത്യേകതകളാണ് കെൻസ ലെയ്ലി എന്ന വെർച്വൽ കഥാപാത്രം കൂടുതലായി പങ്കുവെക്കുന്നത്. ഏഴ് വ്യത്യസ്ത ഭാഷകളിൽ എ.ഐ മോഡൽ ലഭ്യമാണ്. തന്റെ സ്രഷ്ടാവും ഫീനിക്സ് എ.ഐയുടെ സി.ഇ.ഒയുമായ മെറിയം ബെസ്സക്ക് വേണ്ടി 20,000 ഡോളറാണ് ലെയ്ലി സമ്മാനമായി നേടിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയാണ് ബെസ്സയുടെ സ്വദേശം.