മുണ്ടക്കൈ ദുരന്തം; 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 ​പേരെ കാണാനി​ല്ലെന്ന് സർക്കാർ

Mundakai Tragedy; The government said that 225 people, including a 14-day-old baby, are missing

 

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 ​പേരെ കാണാനി​ല്ലെന്ന് സർക്കാർ. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരിൽ 2 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ എണ്ണം 176 ആയി.

മഴക്ക് ശമനം വന്നതോടെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്.

മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് കാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തും. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *