ജിദ്ദ കേരള പൗരാവലി പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ തുടരണം: കോൺസുൽ ജനറൽ
ജിദ്ദ കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി തുടരണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് സ്ഥലം മാറി പോകുന്ന കോൺസൽ ജനറലിന് ജിദ്ദ കേരള പൗരാവലി പുരസ്കാരം കൈമാറി യാത്രയയപ്പ് നൽകവേയായിരുന്നു പ്രതികരണം.Jeddah
കക്ഷി രാഷ്ട്രീയ പ്രാദേശിക അതിർവരമ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്ന കേരള പൗരാവലിയുടെ പ്രവർത്തനങ്ങളിൽ മുഹമ്മദ് ഷാഹിദ് ആലം സംതൃപ്തി പ്രകടിപ്പിച്ചു. നൂതന സംവിധാനത്തിലൂടെ യുവ തലമുറക്ക് ശരിയായ ദിശാബോധം നൽകാൻ ശ്രമിക്കണമെന്നും അദ്ദേഹം ജിദ്ദ കേരള പൗരാവലി പ്രതിനിധികളോട് പറഞ്ഞു. കേരള പൗരാവലിയുടെ ജനകീയവും സൗഹാർദ്ദപരമായ സമീപനത്തേയും പ്രയാസപ്പെടുന്ന ഇന്ത്യാക്കാരുടെ പൊതു വിഷയങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിനേയും അദ്ദേഹം ശ്ലാഘിച്ചു.
കോൺസുൽ ജനറൽ എന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ പദ്ധതികൾ സന്ദർശക സംഘം നന്ദിപൂർവ്വം സ്മരിച്ചു. കോവിഡ് 19 ന്റെ ഭീതിതമായ സന്ദർഭങ്ങൾ, ഹുറൂബ് വിഷയങ്ങൾ, ഇന്ത്യക്കാരായ ഹാജിമാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിലും ജിദ്ദയിൽ നിന്ന് അകലെയുള്ളവർക്കായി അവരുടെ അടുത്തേക്ക് എത്തുന്ന കോൺസുലേറ്റ് ഓൺ വീൽസ്, പ്രവാസി കൂട്ടായ്മകൾക്ക് സാംസ്കാരിക പരിപാടികൾക്കായി നൽകിയ പിന്തുണ, ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്കാരിക വാണിജ്യ വിനിമയങ്ങളുടെ അയ്യായിരം വർഷത്തെ ബന്ധം അനാവരണം ചെയ്ത സാംസ്കാരിക സന്ധ്യ, ഓരോ ഇന്ത്യാക്കാരായ ജിദ്ദ പ്രവാസികൾക്കും നിർബാധം കടന്നു ചെല്ലാവുന്ന കോൺസുലേറ്റിന്റെ തുറന്ന വാതിൽ നയം എന്നിവയെല്ലാം സന്ദർശക സംഘം നന്ദിപൂർവം സ്മരിച്ചു.
ഇന്ത്യൻ കോൻസുലേറ്റിൽ നടന്ന ലളിതമായ യാത്രയപ്പ് പരിപാടിയിൽ സലാഹ് കാരാടൻ, ഷെരീഫ് അറക്കൽ, വേണു അന്തിക്കാട്, മുഹമ്മദ് ബൈജു, മൻസൂർ വയനാട്, നാസർ ചാവക്കാട്, സുവിജ സത്യൻ എന്നിവർ പങ്കെടുത്തു.