തീപിടിച്ചെന്ന് അഭ്യൂഹം; യു.പിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർക്ക് പരിക്ക്
ലഖ്നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ട്രാക്കിലേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്. സംഭവത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.fire
യാത്രക്കാരിൽ ആരോ ഒരാൾ ‘ഫയര്‍ എസ്റ്റിംഗ്വിഷര്‍’ അനാവശ്യമായി പ്രവർത്തിപ്പിച്ചതാണ് പരിഭ്രാന്തി പരക്കാൻ കാരണമായതെന്ന് സംശയിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിൻ ബിൽപൂർ സ്റ്റേഷനിലെത്തിയതോടെയാണ് തീപിടിച്ചെന്ന വാർത്ത പരന്നത്. യാത്രക്കാരിലൊരാൾ ചെയിൻ വലിക്കുകയും ചിലർ ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നെന്ന് ജി.ആർ.പി സ്റ്റേഷൻ ഇൻചാർജ് രെഹാൻ ഖാൻ പി.ടി.ഐയോട് പറഞ്ഞു.
ചെയിൻ വലിച്ചെങ്കിലും ട്രയിൻ നിൽക്കാതെ നീങ്ങിക്കൊണ്ടേയിരിക്കുകയാണെന്ന് കരുതി പരിഭ്രാന്തരായാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേരത്തെ റെയിൽവേ വക്താവ് കുൽതാർ സിങ് അറിയിച്ചിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.