വീരനായികയായി നാടിന്റെ സ്‌നേഹവായ്പിലേക്ക്; ഡല്‍ഹിയില്‍ രാജകീയ വരവല്‍പ്പ്, നിയന്ത്രണംവിട്ട് കരഞ്ഞ് വിനേഷ്

To the love of the country as a heroine; Royal welcome in Delhi, Vinesh crying uncontrollably

 

ന്യൂഡൽഹി/ചണ്ഡിഗഢ്: ഒളിംപിക്‌സ് മെഡൽ വിവാദങ്ങൾക്കു പിന്നാലെ നാടിന്റെ വികാരോഷ്മളമായ സ്വീകരണത്തിലേക്ക് വിമാനമിറങ്ങി വിനേഷ് ഫോഗട്ട്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ വീരോചിതമായ വരവേൽപ്പാണ് താരത്തിനൊരുക്കിയത്. നാടിന്റെ സ്‌നേഹവായ്പില്‍ വികാരഭരിതയായ താരം നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. വഴിത്താരയിലുടനീളം കാത്തിരുന്ന ആയിരങ്ങളെ നിറകണ്ണുകളോടെയായിരുന്നു അവര്‍ അഭിവാദ്യം ചെയ്തത്.

വിമാനത്താവളം മുതൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സ്വീകരണയാത്രയിൽ കുടുംബവും ഗുസ്തി മേഖലയിൽ ഉൾപ്പെടെയുള്ള സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം അനുഗമിക്കാനെത്തി. ഗുസ്തി താരങ്ങളുടെ സമരത്തിൽ വിനേഷിനൊപ്പം മുൻനിരയിലുണ്ടായിരുന്ന സാക്ഷി മാലിക്, ബജ്‌റങ് പുനിയ, വിജേന്ദർ സിങ് ഉൾപ്പെടെയുള്ള താരങ്ങളും സ്വീകരണ വാഹനത്തിലുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സാക്ഷി മാലിക് നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞ രംഗങ്ങളുമുണ്ടായി.

ഒളംപിക്‌സിനുശേഷം പാരിസിൽനിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിനേഷ് രാവിലെ 11 മണിയോടെയാണ് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. വൻ ആരവങ്ങളോടെയായിരുന്നു ജനങ്ങൾ വിനേഷിനെ സ്വീകരിച്ചത്. വിമാനത്താവളത്തിൽനിന്നു നാട്ടിലേക്കുള്ള യാത്രാപാതയിലുടനീളം ഇരുവശങ്ങളിലുമായി നൂറുകണക്കിനു പേർ തടിച്ചുകൂടിയിരുന്നു.

കോൺഗ്രസ് ലോക്‌സഭാ അംഗവും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ സഹോദരനുമായ ദീപേന്ദർ ഹൂഡയും വിനേഷിന്റെ സ്വീകരണ വാഹനത്തിലുണ്ടായിരുന്നു. താരത്തെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന് നേരത്തെ ഭൂപീന്ദറും ദീപേന്ദറും പ്രഖ്യാപിച്ചിരുന്നു.

50 കി.ഗ്രാം ഗുസ്തി മത്സരത്തിൽ കലാശപ്പോരിന് യോഗ്യത നേടിയ ശേഷമാണ് ശരീരഭാരം 100 ഗ്രാം കൂടിയെന്നു ചൂണ്ടിക്കാട്ടി വിനേഷിനെ ഒളിംപിക്‌സിൽനിന്ന് അയോഗ്യത കൽപിച്ചത്. ഇതോടെ ഉറപ്പായ മെഡൽ നഷ്ടമായതിനു പുറമെ താരം അവസാന സ്ഥാനക്കാരിയുമായി. എന്നാൽ, നടപടിക്കെതിരെ ഇന്ത്യൻ ഒളിംപിക് കമ്മിറ്റി രാജ്യാന്തര കായിക കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിന്യായത്തിൽ നിരാശയായിരുന്നു ഫലം. താരത്തിന് മെഡൽ നൽകാനാകില്ലെന്ന വ്യക്തമാക്കുകയായിരുന്നു കോടതി.

Leave a Reply

Your email address will not be published. Required fields are marked *