അപകട സാധ്യത കൂടും; ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്.
സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന ഗതാഗത കമീഷണർക്ക് നിവേദനം നൽകി.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കിയിരുന്നു.