‘സിദ്ദിഖിന്റെ പ്രതികരണം ശരിയായില്ല, അമ്മ ഇരകൾക്കൊപ്പം നിൽക്കണം; ഉർവശി
പുറത്തുവന്ന ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായി ഇടപെടണമെന്ന് നടി ഉർവശി. സിദ്ദിഖിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി ശരിയായില്ല. ആരോപണങ്ങളിൽ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണ്, സർക്കാരല്ല. താൻ പരാതിക്കാരായ സ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും ഉർവശി പറഞ്ഞു. പരാതി ഉള്ളവർ മുന്നോട്ട് വരണം. അമ്മ ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണം. രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. അമ്മ സംഘടനാ നിലപാടുകളിൽ നിന്ന് തെന്നിമാറരുതെന്നും നിലപാട് വ്യക്തമാക്കണമെന്നും ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ഹേമകമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ഗായത്രി വർഷ രംഗത്തുവന്നു. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നടി ട്വന്റി ഫോറിനോട് പറഞ്ഞു. എതിർത്തതുകൊണ്ടാണ് പല അവസരങ്ങളും നഷ്ടമായത്. പരാതിപ്പെട്ടിട്ടും കാര്യമില്ല. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്നും നടി പറഞ്ഞു. വിഷയത്തിൽ ഇനിയും കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും സ്ത്രീകൾക്ക് കുറച്ചുകൂടി ധൈര്യം വന്നിട്ടുണ്ടെന്നും നടി ഗായത്രി വർഷ പറഞ്ഞു.
അതേസമയം ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.