കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; മെയ് 10ന് ഒറ്റ ഘട്ടമായി ഇലക്ഷന്‍
മെയ് 10ന് ഒറ്റ ഘട്ടമായി ഇലക്ഷന്‍, മെയ് 13ന് വോട്ടെണ്ണല്‍
ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 10ന് ഒറ്റ ഘട്ടമായി ഇലക്ഷന്‍ നടത്തും. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും മാര്‍ച്ച് 31ന് വിജ്ഞാപനമിറങ്ങും. 36 സീറ്റുകൾ എസ്‌സി 15 സീറ്റുകൾ എസ്ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻഡർമാരുമാണ്.
നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. 2018–19 വർഷത്ത അപേക്ഷിച്ച് 9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ്സ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. നിലവിൽ ബിജെപിക്ക് 118 സീറ്റ്, കോൺഗ്രസിന്– 72, ജെഡിഎസിന്– 32 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ജാതിസമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് കടുത്ത മത്സരം തന്നെ നടക്കുമെന്ന് ഉറപ്പ്.
224ൽ 150 സീറ്റുകൾ നേടുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കോൺഗ്രസ് 124 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തിവിട്ടപ്പോൾ ജെഡിഎസ് 93 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും.
കഴിഞ്ഞ ആഴ്ച സംവരണ വിഭാഗത്തിൽ സർക്കാർ വരുത്തിയ മാറ്റം സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഒബിസി വിഭാഗത്തിനു കീഴിലുള്ള മുസ്‍ലിംകൾക്കുള്ള 4 ശതമാനം സംവരണം സർക്കാർ റദ്ദാക്കിയിരുന്നു. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഒബിസി മുസ്‌ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണ വിഭാഗത്തിലേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിലാണ്. എസ്ടി പട്ടികയിൽ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിൽ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വീടിനു നേരെ ബഞ്ചാര സമുദായത്തിന്റെ ആക്രമണമുണ്ടായി.