തൃശൂർ പൂരം കലക്കൽ: സുരേഷ് ഗോപിക്കെതിരെ പരാതി നൽകി സിപിഐ
തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി സിപിഐ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണു പരാതി നൽകിയത്. പൂരം തർക്കം നടക്കുമ്പോൾ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പൂരം അലങ്കോലമായ രാത്രി വീട്ടിൽനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. രോഗികളെ കൊണ്ടുപോകുന്നതിനു വേണ്ടി മാത്രമുള്ള ആംബുലൻസ് ബിജെപി സ്ഥാനാർഥിയായിരുന്ന അദ്ദേഹം നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാത്. വ്യക്തിയുടെ സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷ് കെ.പിയാണു പരാതി നൽകിയത്. പൊലീസ് കമ്മിഷണർക്കു പുറമെ ജോയിന്റ് ആർടിഒക്കും പരാതി നൽകിയിട്ടുണ്ട്.