‘വർഗീയ സംഘടനകൾ കലാപത്തിന് ശ്രമിച്ചപ്പോൾ തടഞ്ഞത് കേരളാ പൊലീസ്’; പൊലീസിനെ പ്രശംസിച്ച് സിപിഎം
തിരുവനന്തപുരം: പൊലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദുരന്തങ്ങളിൽ പൊലീസ് സേനയുടെ ഇടപെടൽ വിസ്മരിക്കാനാവില്ല. വർഗീയ സംഘടനകളെ തടയാൻ കരുത്തുള്ള സേനയാണ് കേരളത്തിലുള്ളത്. ഹിന്ദു വർഗീയ സംഘടനകൾ കലാപത്തിന് ശ്രമിച്ചപ്പോൾ തടഞ്ഞത് കേരളാ പൊലീസാണ്. ആലപ്പുഴയിലെയും പാലക്കാട്ടെയും ആർഎസ്എസ്-എസ്ഡിപിഐ സംഘർഷങ്ങളിൽ വർഗീയ കലാപം ഒഴിവാക്കിയത് പൊലീസിന്റെ ഇടപെടൽ ആണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് ഇടത് സംഘടനകൾ സ്വീകരിച്ചത്. ഫാസിസത്തിനെതിരെ എല്ലാ കാലത്തും കമ്യൂണിസ്റ്റുകൾ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഹിന്ദുത്വ ശക്തികൾ ഇടതുപക്ഷത്തിനെതിരെയും കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തന്നെ പറഞ്ഞിട്ടുണ്ട്. ഇൻഡ്യാ മുന്നണിക്ക് മതേതര മുഖം നൽകിയത് ഇടതുപക്ഷമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് ക്രമസമാധാന പ്രശ്‌നമായതോടെയാണ് പൊലീസ് ഇടപെട്ടത്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് സ്വർണക്കടത്ത് നടക്കുന്നത്. കരിപ്പൂരിൽനിന്ന് സ്വർണവുമായി പുറത്തുവരാനുള്ള ഒന്നാമത്തെ കാരണക്കാർ കസ്റ്റംസ് ആണ്. ഇതിൽ പൊലീസിന് ഇടപെടാതിരിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച സർക്കാർ അന്വേഷിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ്. കൃത്യമായ അന്വേഷണമുണ്ടാകും. അതിന് ശേഷം നടപടിയുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടിയുണ്ടാകും. പൂരം അലങ്കോലമാക്കാൻ ആർഎസ്എസ് ശ്രമം നടത്തിയെന്ന് പകൽവെളിച്ചം പോലെ വ്യക്തമായിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പി. ശശിക്കെതിരെ പി.വി അൻവർ നൽകിയ കത്തിൽ കഴമ്പുള്ള ഒരു ആരോപണവുമില്ല. കത്ത് അൻവർ തന്നെ പരസ്യപ്പെടുത്തിയിരുന്നു. അതോടെ ആരോപണങ്ങളിൽ കാര്യമില്ലെന്ന് വ്യക്തമായി. അതോടെയാണ് പി. ശശി നിയമനടപടി സ്വീകരിച്ചത്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ശക്തിപ്പെടുത്തുന്ന വർഗീയ ശക്തികളാണ്. ആർഎസ്എസ്-ജമാഅത്ത് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇരും സംഘടനകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വർഗീയത ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലീഗും ജമാഅത്തും എസ്ഡിപിഐയും നടത്തുന്നത്. ഹിന്ദുത്വത്തിനെതിരായ പ്രതിരോധത്തെ ഇത് ദുർബലപ്പെടുത്തുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.