‘മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്’; രാഷ്ട്രപതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഗവർണർ

'Chief Minister has something to hide'; The Governor said that the President will be informed

 

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഗവർണർ സർക്കാർ പോര്. ദേശവിരുദ്ധ പരാമർശം സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രി നിഷ്‌ക്രിയത്വം എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. സ്വർണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന ദേശവിരുദ്ധ പരാമർശം, ഫോൺ ചോർത്തൽ സംബന്ധിച്ച പി.വി അൻവർ എംഎൽഎയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് സർക്കാർ നൽകാതിരുന്നതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്.

സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്. നിഷേധിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും ‘ഹിന്ദു’, ‘ഇന്ത്യൻ എക്‌സ്പ്രസ്’ പത്ര വാർത്തകൾ ഉയർത്തിക്കാട്ടി ഗവർണർ പറഞ്ഞു. സർക്കാർ തന്നെ ഇരുട്ടിൽ നിർത്തുകയായിരുന്നു. താൻ എന്തിനാണ് രാജ്ഭവനിൽ ഇരിക്കുന്നത്. താൻ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. എയർപോർട്ടിന്റെ പുറത്ത് സ്വർണം പിടിക്കേണ്ടത് പൊലീസാണ്. എയർപോർട്ടിൽ എത്തുന്നത് വരെയാണ് കസ്റ്റംസിന് ചുമതലയെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നിരിക്കുകയാണ്. പിആർ ഉണ്ടെന്ന് ഹിന്ദു പറയുന്നു. എന്നാൽ ഇത് മുഖ്യമന്ത്രി നിഷേധിച്ചു. ആരെ വിശ്വസിക്കും? പ്രത്യേക താത്പര്യമുള്ളവരെ രാഷ്ട്രീയത്തിൽ ഒപ്പം ചേർത്തു. അവർ പിരിഞ്ഞുപോകുമ്പോൾ അവർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മുഖ്യമന്ത്രിക്ക് തന്നെ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യതയുണ്ട്. എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും മുഖ്യമന്ത്രി പറയുന്നില്ല. സംസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ അറിയിക്കേണ്ടതാണ്. രാജ്യവിരുദ്ധ പ്രവർത്തനത്തിന് പിന്നിൽ ആരാണെന്ന് അറിയാനുള്ള അധികാരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *