ഗുജറാത്ത് ആശുപത്രിയിൽ 250ലേറെ തിമിര രോഗികളെ മൊബൈൽ വാങ്ങി ബിജെപി അംഗങ്ങളാക്കിയെന്ന് പരാതി
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിൻ വിവാദത്തിൽ. രാജ്‌കോട്ടിലെ കണ്ണാശുപത്രിയിലെ തിമിര രോഗികളെ അർധരാത്രിയിൽ വിളിച്ചുണർത്തി മൊബൈൽ നമ്പറും ഒടിപിയും വാങ്ങി സമ്മതമില്ലാതെ ബിജെപി അംഗങ്ങളാക്കിയെന്ന് പരാതി. രാജ്കോട്ട് റാഞ്ചോദാസ് ബാപ്പു ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലാണ് സംഭവം. ഇവിടെയുള്ള 250ലേറെ രോഗികളെ ബിജെപി അംഗങ്ങളാക്കിയെന്നാണ് പരാതി.BJP
നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും തുടർന്നുവരുന്ന ഒടിപി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയുമാണ് തിമിരരോഗികളെ അവരറിയാതെ പാർട്ടി അംഗങ്ങളാക്കിയത്. സെപ്റ്റംബർ 16നാണ് ജുനാഗഢിലെ ത്രിമൂർത്തി ആശുപത്രിയിൽനിന്ന് ശസത്രക്രിയയ്ക്കായി രോഗികളെ രാജ്കോട്ട് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞദിവസം രാത്രി ഒരാൾ ഇവിടെത്തി മൊബൈൽ ഫോൺ ചോദിച്ചുവാങ്ങിയാണ് അംഗങ്ങളാക്കിയതെന്നാണ് രോഗികളിൽ ഒരാളുടെ പരാതി.
ജുനഗഡ് സ്വദേശിയായ കമലേശ് തുമ്മർ എന്ന രോഗിയാണ് സംഭവം വീഡിയോയിൽ പകർത്തി പരാതിയുമായി രംഗത്തെത്തിയത്. മെസേജ് ലഭിച്ചപ്പോഴാണ് തങ്ങളെ ബിജെപി അംഗമാക്കിയതായി രോഗികൾക്ക് മനസിലായതെന്ന് ഇദ്ദേഹം പറയുന്നു. ‘ഞാൻ കഴിഞ്ഞ ഞായറാഴ്ച തിമിര ശസ്ത്രക്രിയയ്ക്കായി രാജ്‌കോട്ടിലേക്ക് പോയി. രാത്രി എട്ടു മണിയോടെ ഉറങ്ങിപ്പോയി. 10.30യോടെ ഒരാളെന്നെ വിളിച്ചുണർത്തി. എൻ്റെ മൊബൈൽ നമ്പർ ചോദിച്ചു. ആശുപത്രിയിലെ എന്തോ ആവശ്യത്തിന് ജീവനക്കാരിൽ ആരെങ്കിലും വന്ന് ചോദിക്കുന്നതാണെന്നാണ് ഞാൻ കരുതിയത്. പിന്നാലെ അയാൾ എൻ്റെ ഫോൺ എടുത്തു. പിന്നീട് അതിൽ വന്ന ഒടിപിയും ചോദിച്ചറിഞ്ഞു. എൻ്റെ ഫോൺ തിരികെ ലഭിച്ചപ്പോൾ, ഞാൻ ഒരു ബിജെപി അംഗമായി മാറിയിരുന്നു’- തുമ്മർ പറഞ്ഞു.
‘നിങ്ങള്‍ ഇപ്പോള്‍ ബിജെപി അംഗമാണ്, അംഗത്വം സ്വീകരിച്ചതിന് നന്ദി’ എന്നറിയിച്ചുള്ള സന്ദേശമാണ് തനിക്ക് ലഭിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒടിപി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ‘എന്നെ ബിജെപിക്കാരനാക്കിയോ’ എന്ന് ഞാൻ അയാളോട് ചോദിച്ചപ്പോൾ ‘അല്ലാതെ വേറെ വഴിയില്ല’ എന്നായിരുന്നു മറുപടി. ഇത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും അവിടെയുണ്ടായിരുന്ന 400 പേരിൽ 250ലേറെ പേരും ഇത്തരത്തിൽ ബിജെപി അംഗങ്ങളായെന്നും ഇതൊരു തട്ടിപ്പാണെന്നും തുമ്മർ പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ജുനാഗഢിൽ ക്യാമ്പ് നടത്തിയ ശേഷം രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി കൊണ്ടുവന്നതാണെന്നും ഈ പ്രശ്നം തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും റാഞ്ചോദാസ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ശാന്തി വഡോലിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും ഏതെങ്കിലും ട്രസ്റ്റ് അംഗം ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും ശാന്തി വഡോലിയ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന വാദവുമായി ഗുജറാത്ത് ബിജെപി ഉപാധ്യക്ഷൻ ഗോർദൻ സദാഫിയ രംഗത്തെത്തി. ഇത്തരത്തിൽ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ തങ്ങൾ ആരോടും നിർദേശിച്ചിട്ടില്ലെന്നും പാർട്ടി ഓഫീസിൽ നിന്ന് ആരും അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും അത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സദാഫിയ വ്യക്തമാക്കി.
വീഡിയോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നത് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കാൻ മേഖലാ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടുണ്ടെന്ന് രാജ്‌കോട്ട് സിറ്റി ബിജെപി പ്രസിഡൻ്റ് മുകേഷ് ദോഷി പറഞ്ഞു. ‘ഉറങ്ങുന്ന രോഗികളെ ഉണർത്തി അവരെ അംഗങ്ങളാക്കാൻ ആർക്കും നിർദേശം നൽകിയിട്ടില്ല. അത്തരം അമിതാവേശ പ്രവർത്തനങ്ങൾ അംഗീകരിക്കില്ല. സംഭവത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്. സമഗ്രമായ അന്വേഷണം നടത്തും’- ദോഷി കൂട്ടിച്ചേർത്തു.