‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല’; ക്ലീൻചിറ്റ് നൽകി റിപ്പോർട്ട് സർക്കാരിന്
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വകുപ്പ് സെക്രട്ടറിക്കാണ് ഇന്ന വൈകീട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർ അരുൺ കെ. വിജയനും ഇതിൽ ഉൾപ്പെടും. പെട്രോൾ പമ്പ് അനുവദിച്ചതിൽ ഒരു തരത്തിലും നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കമ്മിഷണർക്കു മുന്നിലും കലക്ടർ ആവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം കലക്ടറുടെ കാര്യത്തിൽ നടപടി സ്വീകരിക്കും.