നരേന്ദ്ര മോദി മുതല്‍ യോഗി ആദിത്യനാഥ് വരെ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ താര പ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി

From Narendra Modi to Yogi Adityanath; BJP announces star campaigners for Maharashtra elections

 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുള്‍പ്പടെ 40 പേര്‍ പട്ടികയിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഈ ആഴ്ച ആദ്യം ബിജെപി പുറത്ത് വിട്ടിരുന്നു.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗാഡ്ഗരി, അശ്വനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ്, പീയുഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, മുരളീധര്‍ മോഹല്‍ എന്നിവരുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരാണ് മഹാരാഷ്ട്രയില്‍ പ്രാചരണത്തിനെത്തുക. ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ്, ഹരിയാനയില്‍ നിന്ന് നയാബ് സിങ് സൈനി ,ഗോവയുടെ പ്രമോദ് സാവന്ത്, അസമിന്റെ ഹിിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രചാരണത്തിന് അണിനിരക്കും. സ്മൃതി ഇറാനി മുതല്‍ മോഹന്‍ യാദവ് വരെയുള്ള ബിജെപി നേതാക്കളും മഹാരാഷ്ട്രയിലെത്തും.

അതേസമയം, മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ തര്‍ക്കം തുടരവെ മഹാരഷ്ട്രയില്‍ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 23 അംഗ പട്ടികയാണ് പുറത്തിറക്കിയത്. സീറ്റ് ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.23 സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് ഉറച്ചവരുടെ എണ്ണം 71 ആയി. പ്രധാന നേതാക്കളെല്ലാം ആദ്യഘട്ട പട്ടികയില്‍ തന്നെ ഇടം പിടിച്ചതാണ്.

മുന്‍മന്ത്രി സുനില്‍ കേദാറിന്റെ ഭാര്യ അനുജ കേദാറിന് രണ്ടാം ഘട്ട പട്ടികയില്‍ നാഗ്പുരിലെ സാവ്‌നേറില്‍ സീറ്റ് നല്‍കി. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി അനുജ ഇവിടെ പത്രിക നല്‍കിയിരുന്നു. 119 സീറ്റ് വരെ പ്രതീക്ഷിരുന്ന കോണ്‍ഗ്രസിന് അതിലും കുറവ് സീറ്റ് മാത്രമേ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ജയം ഉറപ്പുള്ള ചില സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ട് നല്‍കേണ്ടിയും വന്നു. വിലപേശലില്‍ കോണ്‍ഗ്രസ് പുറകില്‍ പോയെന്ന വികാരം ഇന്നലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രകടിപ്പിച്ചെന്നാണ് സൂചന.എന്നാല്‍ രമേശ് ചെന്നിത്തല ഇക്കാര്യം നിഷേധിക്കുന്നു. സമാജ് വാദി പാര്‍ട്ടി അടക്കം മഹാരാഷ്ട്രയിലെ സഖ്യ കക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിച്ചതോടെയാണ് ചര്‍ച്ചകള്‍ നീണ്ട് പോവാന്‍ കാരണം. രണ്ട് സീറ്റില്‍ ഒതുക്കേണ്ടെന്ന് സിപിഐഎമ്മും നിലപാട് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *