യാത്രയയപ്പ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കാണാനെത്തി, തെറ്റുപറ്റിയെന്ന് പറഞ്ഞു; കളക്ടറുടെ മൊഴി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നും കളക്ടര്‍ മൊഴി നല്‍കിയെന്നാണ് വിവരം. എന്നാല്‍ തെറ്റ് എന്ന് നവീന്‍ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീന്‍ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശേഷം ഇപ്പോള്‍ അറസ്റ്റും രേഖപ്പെടുത്തി. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ പിന്‍വാതിലിലൂടെ ദിവ്യയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചത് വിവാദമായി. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കീഴടങ്ങള്‍ എന്ന ആരോപണം വലിയ തോതില്‍ ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം കൂടി നടന്നത്.