സ്പിൻ കെണിയൊരുക്കി ജഡേജയും വാഷിങ്ടണും; വാംഖഡെ ടെസ്റ്റിൽ ന്യൂസിലാൻഡ് പതറുന്നു
മുംബൈ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് ആറു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 192-6 എന്ന നിലയിലാണ് കിവീസ്. അർധ സെഞ്ച്വറിയുമായി(53) ഡാരൻ മിച്ചലും ഒരു റണ്ണുമായി ഇഷ് സോധിയുമാണ് ക്രീസിൽ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും വാഷിങ്ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തി. വാംഖഡെയിൽ ആദ്യം ബാറ്റിങിനിറങ്ങിയ കിവീസിന്റെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ 15 റൺസ് തെളിയുമ്പോഴേക്ക് ഡേവൻ കോൺവയെ(4) നഷ്ടമായി. ആകാശ്ദീപ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ പിന്നീട് വന്ന വിൽ യങ് ക്യാപ്റ്റൻ ടോം ലാഥമിനൊപ്പം സ്‌കോറിംഗ് ഉയർത്തിയെങ്കിലും വാഷിങ് ടൺ ആതിഥേയർക്ക് ബ്രേക്ക്ത്രൂ നൽകി. 28 റൺസിൽ നിൽക്കെ നായകൻ ടോം ലഥാമിനെ ക്ലീൻബൗൾഡാക്കി.trap
ബെംഗളൂരു ടെസ്റ്റിൽ സെഞ്ചുറി നേടിയ രചിൻ രവീന്ദ്രയെയും ബൗൾഡാക്കി(5) സന്ദർശകർക്ക് കനത്തപ്രഹരമേൽപ്പിച്ചു. പിന്നാലെ ഡാരിൽ മിച്ചലിനെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരം ഋഷഭ്പന്ത് പാഴാക്കി. നാലാംവിക്കറ്റിൽ മിച്ചെൽ-യങ് കൂട്ടുകെട്ട് സ്‌കോർ 100 കടത്തി. ഒടുവിൽ യങിനെ(71)പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. തൊട്ടുപിന്നാലെ ടോം ബ്ലൻഡെലിനേയും(0) ഗ്ലെൻ ഫിലിപ്‌സിനേയും(17) വീഴ്ത്തി ന്യൂസിലാൻഡ് മധ്യനിരയെ തകർത്തു.
പൂനെ ടെസ്റ്റിൽ കളിച്ച ടീമിൽ ഒരുമാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ബുംറക്ക് പകരം പേസർ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, പൂനെ ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് ഇറങ്ങിയത്. പൂനെയിലെ വിജയശിൽപിയായ മിച്ചൽ സാൻറ്‌നർ പരിക്കുമൂലം വിട്ടു നിന്നപ്പോൾ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം പേസർ മാറ്റ് ഹെൻറിയും മടങ്ങിയെത്തി.