ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി? രാജ് താക്കറെയുടെ പ്രവചനത്തിന് മറുപടിയുമായി ബിജെപി

Maharashtra

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് വെറും 20 ദിവസങ്ങള്‍ മാത്രം ശേഷിക്കെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ ചൂട് പിടിച്ചിരിക്കുകയാണ്. മഹായുതി സഖ്യവും മഹാവികാസ് അഘാഡിയും തങ്ങളുടെ മുഖ്യമന്ത്രി മുഖം ആരെന്ന് ഇതുവരെയും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഇതിനെച്ചൊല്ലിയുള്ള പ്രവചനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്.Maharashtra

അടുത്ത മുഖ്യമന്ത്രി മഹായുതിയിൽ നിന്നായിരിക്കുമെന്നും മറ്റാരുമല്ല ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കുമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ ബുധനാഴ്ച ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ് താക്കറെയും ഒരുമിച്ചുള്ള ചിത്രം ഫഡ്നാവിസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഉപമുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മഹാരാഷ്‌ട്ര ബിജെപി ആസ്ഥാനത്ത് ഫഡ്നാവിസിന്‍റെ പോസ്റ്ററുകളും ഹോർഡിങ്സുകളും നിറഞ്ഞതാണ് മഹായുതിയിൽ നേതൃമാറ്റ സാധ്യതയെന്ന സൂചന നൽകുന്നത്.

രാജ് താക്കറെയുടെ പ്രവചനം സഖ്യത്തിനുള്ളില്‍ ചെറിയ മുറുമുറുപ്പുകള്‍ ഉണ്ടാക്കി. കോൺഗ്രസ് നേതാവ് രവിരാജയുടെ ബിജെപി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ താക്കറെയോട് നന്ദി പറഞ്ഞ ഫഡ്‌നാവിസ് പക്ഷെ പ്രസ്താവന അംഗീകരിക്കാൻ തയ്യാറായില്ല. “രാജ് താക്കറെയോട് ഞാൻ നന്ദിയുള്ളവനാണ്. അദ്ദേഹത്തിൻ്റെ പ്രശംസകളും പ്രവചനങ്ങളും ഞാൻ വിനയപൂർവ്വം സ്വീകരിക്കുന്നു, എന്നാൽ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുന്നത് ബിജെപി സർക്കാരല്ല, മറിച്ച് ഒരു മഹാസഖ്യ സർക്കാരാണ്. മുഖ്യമന്ത്രിയും മഹായുതിയിൽ നിന്നായിരിക്കും,” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. താക്കറെ ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്നതിനാൽ എംഎൻഎസുമായുള്ള പാർട്ടിയുടെ ബന്ധം ഫഡ്‌നാവിസ് മറച്ചുവെച്ചില്ല. “രാജ് താക്കറെ ഇപ്പോൾ വിശാലമായ ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് പാർട്ടികളുടെ പ്രാദേശിക പതിപ്പുകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. പ്രാദേശിക സ്വത്വത്തോടൊപ്പം ദേശീയ സ്വത്വവും അംഗീകരിക്കേണ്ടത് ആവശ്യമാണ്. ദേശീയ ഐഡൻ്റിറ്റി എന്നാൽ ഹിന്ദുത്വയാണ്, ഇത് രാജ് താക്കറെ അംഗീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മകൻ അമിത് താക്കറെയുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാൽ രാജ് താക്കറെ ബിജെപിയെ പുകഴ്ത്തുകയാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ പ്രതികരണം. ”രാജ് താക്കറെയുടെ മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അപ്പോള്‍ അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ മനസിലാക്കാവുന്നതേയുള്ളൂ. പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും മഹാരാഷ്ട്രയിലേക്ക് വരാൻ അനുവദിക്കില്ലെന്നായിരുന്നു രാജിൻ്റെ നേരത്തെ നിലപാട്, അവർക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം അവരെ പുകഴ്ത്തുന്നു. മകന്‍റെ രാഷ്ട്രീയ ഭാവിയെ ഓര്‍ത്ത് അദ്ദേഹം ആശങ്കപ്പെടുന്നു” ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്ത മുഖ്യമന്ത്രി മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്നാകുമെന്നും കൂട്ടിച്ചേര്‍ത്തു.

തന്‍റെ പാര്‍ട്ടി 2029ല്‍ അധികാരത്തിലെത്തുമെന്നും രാജ് താക്കെറെ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് താക്കറെ മാഹിം സീറ്റില്‍ നിന്നും മത്സരിക്കുന്നുണ്ട്. എന്നാല്‍ മഹായുതി ഇതുവരെ മാഹിമിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മാഹിമിൽ എംഎൻഎസിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രതികരണം.

ബിജെപിയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും ചേർന്ന മഹായുതി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം ആദ്യം മഹായുതിയുടെ മുഖ്യമന്ത്രി ഇവിടെയിരിക്കുന്നുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. എന്നാൽ, ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. ചടങ്ങിലുണ്ടായിരുന്ന ഷിൻഡെയെക്കുറിച്ചാണു ഫഡ്നാവിസ് പറഞ്ഞതെന്നാണ് പൊതുവേ വിലയിരുത്തിയത്. മഹായുതിയിൽ മുഖ്യമന്ത്രി സ്ഥാനം നോക്കിനടക്കുന്ന ആരുമില്ലെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം.

എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ പേര് ഇടയ്ക്ക് കേട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *