കുഞ്ഞിന്റെ അസുഖത്തിന് ലീവ് ചോദിച്ചപ്പോള്‍ രൂക്ഷമായ ശകാരം; വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ഫിറ്റ്സ് വന്ന് വീണു; ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെതിരെ പരാതി
നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന് ഹുസൈനെതിരെ പരാതി. നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഭര്‍ത്താവാണ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. (complaint against chief marshal in charge)
ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് മുണ്ടുനീരായിരുന്നതിനാല്‍ ഏഴാം തിയതി മുതല്‍ അഞ്ജലി അവധിയെടുത്തിരുന്നു. 15-ാം തിയതിയാണ് അഞ്ജലി വീണ്ടും ജോലിക്കെത്തി. എന്നാല്‍ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെ കണ്ടതിന് ശേഷം മാത്രം ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം ലഭിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് അഞ്ജലി പറയുന്നത്. നീയെന്ന് ഉള്‍പ്പെടെ വിളിച്ച് മോശമായി സംസാരിച്ചുവെന്ന് പരാതിയിലുണ്ട്. കുഞ്ഞിന്റെ ഇല്ലാക്കഥയുമായി വന്നത് നന്നായിട്ടുണ്ടെന്നും, പണിക്ക് വരാന്‍ വയ്യെങ്കില്‍ കളഞ്ഞിട്ട് പോകണമെന്നും ഇദ്ദേഹം പറഞ്ഞെന്നാണ് പരാതിയിലുള്ളത്. കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ അഞ്ജലി ഫിറ്റ്സ് വന്ന് വീഴുകയായിരുന്നു.