യുപിയിലെ ആശുപത്രി ദുരന്തം: 18 പേരെ പ്രവേശിക്കാവുന്നിടത്ത് 49 നവജാത ശിശുക്കൾ
ഝാൻസി: 10 നവജാത ശിശുക്കൾ മരിച്ച ഉത്തർ പ്രദേശിലെ മഹാറാണി ലക്ഷ്മി ഭായ് സർക്കാർ മെഡിക്കൽ കോളജിലെ എൻഐസിയു പ്രവർത്തന ശേഷിക്ക് അപ്പുറത്തായിരുന്നുവെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിലാണ് 10 കുഞ്ഞുകൾ വെന്തുമരിച്ചത്. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ബുന്ദേദ്ഖണ്ഡിലെയും മധ്യപ്രദേശിലെ സമീപ ജില്ലകളിലുള്ളവരെല്ലാം ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്.
18 കുഞ്ഞുങ്ങളെയാണ് ഒരേസമയം ഇവിടെ ചികിത്സിക്കാൻ സാധിക്കുക. എന്നാൽ, വെള്ളിയാഴ്ച രാത്രി തീപിടിത്തം ഉണ്ടാകുേമ്പാൾ 49 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. മറ്റു ആശുപത്രികളിൽ വലിയ ചെലവായതിനാലാണ് ഇവിടേക്ക് ആളുകൾ വരുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻഎസ് സെൻഗാർ പറയുന്നു. ഇവിടേക്ക് വരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ചികിത്സ നാൽകാനാണ് തങ്ങൾ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോളജിൽ നവജാത ശിശു പരിചരണത്തിനായി 51 ബെഡ്ഡുകളുള്ള പുതിയ വാർഡ് നിർമിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ അവിടേക്ക് മാറാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. രണ്ട് വർഷം മുമ്പാണ് ഈ കെട്ടിടത്തിെൻറ നിർമാണം ആരംഭിച്ചത്.
തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ആരോഗ്യ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും വ്യത്യസ്ത അന്വേഷണങ്ങൾ നടത്തും. ഇത് കൂടാതെ ജുഡീഷ്യൽ അന്വേണവും ഉണ്ടാകും. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10.20ഓടെയാണ് തീപിടിത്തമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർത്താണ് മറ്റു നവജാത ശിശുക്കളെ രക്ഷിച്ചത്. ഇത്തരത്തിൽ 39 കുഞ്ഞുങ്ങളെ രക്ഷിക്കാനായി.. ഈ കുഞ്ഞുങ്ങളെ മെഡിക്കൽ കോളജിലെ മറ്റു വാർഡിലേക്കും ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 1968ലാണ് ഈ മെഡിക്കൽ കോളജ് ആരംഭിക്കുന്നത്. 2012 മുതൽ ന്യൂബോൺ ഐസിയു പ്രവർത്തിക്കുന്നുണ്ട്.