‘പരസ്യം ഒക്കെ കൈകാര്യം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി, എല്ലാം ചെയ്യുന്നത് നിയമപരിധിയിൽ നിന്ന്’ – പി.സരിൻ

P. Sarin

പാലക്കാട്: തെരഞ്ഞെടുപ്പ് തലേന്ന് തലപൊക്കിയ ‘പരസ്യ’വിവാദത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നതെന്നും അവാസ്തവമായ ഒന്നും അതിലില്ല എന്നുമാണ് സരിന്റെ പ്രതികരണം. അനുമതി വാങ്ങാത്തതിനെ പറ്റിയാണെങ്കിൽ എല്ലാം ചർച്ച ചെയ്യണമെന്നും നിയമപരമായി നേരിടേണ്ടതാണെങ്കിൽ നേരിടുമെന്നും സരിൻ പറഞ്ഞു.P. Sarin

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു.

പരസ്യം പ്രസിദ്ധീകരിക്കാൻ അനുമതി തേടിയിട്ടില്ലെന്ന് കാട്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതോടെ വിഷയം മറ്റൊരു തലത്തിലേക്ക് കടന്നു. വിഷയത്തിൽ സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും നോട്ടീസ് അയയ്ക്കുമെന്നാണ് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിരിക്കുന്നത്.

പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല എന്നത് കൊണ്ടു തന്നെ സ്ഥാനാർഥിയടക്കം നടപടി നേരിടേണ്ടി വരും. തെരഞ്ഞെടുപ്പിൽ സരിൻ ജയിക്കുകയാണെങ്കിൽ എതിർസ്ഥാനാർഥികൾക്ക് കോടതിയെ സമീപിക്കാം. തുടർനടപടിയായി അയോഗ്യത പോലും നേരിടേണ്ടിയും വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *