ഇങ്ങനെയും നിർഭാഗ്യമുണ്ടോ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അബദ്ധത്തിൽ ഔട്ടായി വില്യംസൻ-വീഡിയോ
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ്വ പുറത്താകലിൽ ന്യൂസിലാൻഡ് താരം കെയിൻ വില്യംസൻ. അബദ്ധത്തിൽ പന്ത് സ്റ്റമ്പിലേക്ക് തട്ടിയാണ് താരം ഔട്ടായത്. പേസർ മാത്യു പോട്ട്സിന്റെ ഓവർ നേരിട്ട കിവീസ് വെറ്ററൻ താരം പ്രതിരോധിച്ചു. എന്നാൽ ബാറ്റിൽ തട്ടിതിരിഞ്ഞ പന്ത് വിക്കറ്റിന് നേരെ വന്നതോടെ വില്യംസൺ പ്രതിരോധിക്കാനായി തന്റെ കാല് ഉയർത്തിയപ്പോൾ അബദ്ധത്തിൽ പന്ത് ഗതിമാറി വിക്കറ്റിൽ തട്ടുകയായിരുന്നു. നിർഭാഗ്യപരമായ ഈ പുറത്താകലിൽ ഒട്ടും സന്തുഷ്ടനല്ലാതെയാണ് താരം ക്രീസ് വിട്ടത്. പൊതുവെ ശാന്തനായ വില്യംസൺ അലറി വിളിച്ചാണ് ഔട്ടായതിന്റെ അമർഷം പ്രകടിപ്പിച്ചത്. 44 റൺസെടുത്താണ് കിവീസ് താരം മടങ്ങിയത്.Williamson
വിൽ യങ്ങും ക്യാപ്റ്റൻ ടോം ലഥമും ചേർന്ന് 105 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി. ലഥാം(63), വിൽ യങ്(42) എന്നിവർക്കൊപ്പം വില്യംസൺ കൂടി മടങ്ങിയതോടെ ബാറ്റിങ് തകർച്ച നേരിട്ട ന്യൂസിലാൻഡ് ആദ്യദിനം അവസാനിച്ചപ്പോൾ 315-9 എന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി മിച്ചൽ സാന്റ്നർ(50) ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി മാത്യു പോട്സും ഗസ് അക്കിൻസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.