ഭരണഘടനയെ അവഹേളിക്കുന്നതിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം ഇന്നും കാക്കുന്നു, നെഹ്‌റു ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തി: മോദി

The Nehru family continues to uphold the tradition of disrespecting the Constitution, Nehru was a person who tried to destroy the spirit of the Constitution: Modi

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ നെഹ്‌റു ശ്രമിച്ചെന്ന് മോദി പറഞ്ഞു. നെഹ്‌റുവിനെ മാത്രമല്ല നെഹ്‌റു കുടുംബത്തെ ഒന്നാകെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഭരണഘടനയെക്കുറിച്ച് ഇന്ന് മോദി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഭരണഘടനയെ എങ്ങനെയെല്ലാം മുറിവേല്‍പ്പിക്കാമോ അങ്ങനെയെല്ലാം ഒരു കുടുംബം മുറിവേല്‍പ്പിച്ചെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനയെ മാറ്റാനും ദുരുപയോഗം ചെയ്യാനും മൗലികാവകാശങ്ങള്‍ കവരാനുമാണ് നെഹ്‌റു കുടുംബം ശ്രമിച്ചതെന്നും മോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടന ഭേദഗതി ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയതെന്ന് പറയുന്ന കത്തിലെ വരികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ന് മോദി നെഹ്‌റുവിനെ കടന്നാക്രമിച്ചത്. ഭരണഘടന നമ്മുടെ വഴിക്ക് വന്നാല്‍ മാത്രമേ നമ്മുക്ക് അതില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ സാധിക്കൂ എന്ന് നെഹ്‌റു ആ കത്തില്‍ പറഞ്ഞെന്ന് മോദി ആരോപിച്ചു. നമ്മുക്ക് മുന്നില്‍ ഭരണഘടന പ്രതിബന്ധമായി വന്നാല്‍ നമ്മള്‍ അതിനെ തിരുത്തണമെന്ന് മുഖ്യമന്ത്രിമാരോട് നെഹ്‌റു പറഞ്ഞതായി മോദി ആരോപിച്ചു. ലോകമെമ്പാടും ജനധാപത്യം ചര്‍ച്ചയാകുന്ന സാഹചര്യത്തിലെല്ലാം ജനാധിപത്യത്തെ കഴുത്ത് ഞെരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന് മേലുള്ള പാപക്കറ ഓര്‍മിക്കപ്പെടും. നെഹ്‌റുവിന്റെ അതേ ആശയങ്ങള്‍ തന്നെയാണ് ഇന്ദിരാ ഗാന്ധി പിന്നീട് പിന്തുടര്‍ന്നത്. അതിനാലാണ് സ്വന്തം കസേര രക്ഷിക്കാന്‍ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്നും സ്വന്തം അധികാരം നിലനിര്‍ത്താനാണ് നെഹ്‌റു കുടുംബം ഭരണഘടനയെ ദുരുപയോഗം ചെയ്തതെന്നും മോദി ആഞ്ഞടിച്ചു.

ഭരണഘടനയെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് നെഹ്‌റു കുടുംബത്തിന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞെന്ന് മോദി ആക്ഷേപിച്ചു. ഭരണഘടനയെ ആക്രമിക്കുന്ന കുടുംബ പാരമ്പര്യം നെഹ്‌റു കുടുംബത്തിനെ ഇന്നത്തെ തലമുറയും തുടരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാജ്‌പേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ബിജെപി സര്‍ക്കാരുകള്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചവരാണ്. സിഎഎ കൊണ്ടുവന്നത് ഞങ്ങളാണെന്ന് അഭിമാനത്തോടെ പറയാനാകും. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന പോലും അംഗീകരിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കുമെന്നും മോദി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *