സൗദി രാജകുമാരന്റെ ഷെഫീൽഡ് ക്ലബ്ബ് 1121 കോടിക്ക് വിറ്റു
റിയാദ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബ് സൗദി രാജകുമാരൻ അബ്ദുല്ല മുസാഇദ് 1121 കോടി രൂപക്ക് വിറ്റു. 2013ൽ ഇദ്ദേഹം ക്ലബ്ബ് വാങ്ങിയത് വെറും 159 കോടിക്കായിരുന്നു. കേരള യുണൈറ്റഡ് ക്ലബ്ബിന്റേയും ഉടമസ്ഥാവകാശം ഈ സൗദി രാജകുമാരനാണ്.prince’s
യുഎസ് ആസ്ഥാനമായുള്ള സിഒഎച്ച് സ്‌പോർസാണ് ഇനി ഷെഫീൽഡ് യുണൈറ്റഡ് എഫ്‌സിയുടെ ഉടമസ്ഥർ. സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരക്കുട്ടിയാണ് ഇതുവരെ ഇതിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അബ്ദുല്ല ബിൻ മുസാഇദ് ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരൻ. ഇദ്ദേഹം ക്ലബ്ബ് 2013ൽ വാങ്ങിയത് 159 കോടിക്കായിരുന്നു. പത്ത് വർഷത്തിന് ശേഷം വിറ്റത് 1129 കോടിക്ക്. അതായത് ലാഭം 960 കോടി രൂപ.
ഇംഗ്ലണ്ടിലെ സൗത്ത് യോർക് ഷെയറിലെ ഷെഫീൽഡ് ആസ്ഥാനമായുള്ളതാണ് ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബ്. 2013 മുതൽ 50 ശതമാനം ഓഹരി വാങ്ങിയാണ് രണ്ട് ഘട്ടമായി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സൗദി രാജകുമാരൻ സ്വന്തമാക്കിയത്. അബ്ദുല്ല ബിൻ മുസാഇദ് 2014 മുതൽ 2017 വരെ സൗദി സ്‌പോർട്‌സ് അതോറിറ്റിയുടെ പ്രസിഡണ്ടുമായിരുന്നു.
യുഎഇ ക്ലബ്ബായ അൽ ഹിലാൽ യുണൈറ്റഡ്, ബെൽജിയൻ ക്ലബ്ബായ ബിയഷ്‌ഹോത്ത്, ഫ്രഞ്ച് ക്ലബ്ബായ ഷാത്ത്ഊ എന്നിവയും നിലവിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലെ കേരള യുണൈറ്റഡ് ക്ലബ്ബിന്റേയും ഉടമസ്ഥാവകാശം ഇദ്ദേഹത്തിനാണ്. 2020 നവംമ്പറിൽ ഷെഫീൽഡാണ് കേരള യുണൈറ്റഡ് എഫ്‌സിയെ ഏറ്റെടുത്തിരുന്നത്. ഷെഫീൽഡ് വിറ്റ സാഹചര്യത്തിൽ ഇനി ഉടമസ്ഥാവകാശം മറ്റൊരു ഗ്രൂപ്പിനായിരിക്കുമെന്നാണ് റിപ്പോർട്ട്. സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.