ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് ഒരു വയസിൽ താഴെയുള്ള എണ്ണൂറിലധികം കുട്ടികളെ

Gaza

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് ഒരു വയസിൽ താഴെയുള്ള എണ്ണൂറിലധികം കുട്ടികളെ. 180 ലധികം കുട്ടികൾ ഇസ്രായേൽ ആക്രമണങ്ങൾക്കിടെ ഗസ്സയിൽ ജനിക്കുകയും മരിക്കുകയും ചെയ്തതായി ഫലസ്തീൻ മീഡിയ സെന്റർ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഗസ്സയിൽ 17000 ലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്.Gaza

“ഈ യുദ്ധത്തിൽ 180-ലധികം കുട്ടികൾ ജനിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. 800-ലധികം കുട്ടികൾ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് രക്തസാക്ഷികളായി,” ഫലസ്തീൻ മീഡിയ സെൻ്റർ പറഞ്ഞു. ഗസ്സയിലെ കുട്ടികളുടെ അടിയന്തര സാഹചര്യത്തെക്കുറിച്ച് അഭയാർത്ഥികൾക്കുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

“ഗസ്സയിൽ ഓരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇത് സംഖ്യകളല്ല, ഇല്ലാതാകുന്ന ജീവിതങ്ങളാണ്. കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ല,” യുഎൻആർഡബ്ല്യുഎ പങ്കുവെച്ച എക്സ് പോസ്റ്റിൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് ആരംഭിച്ച ഫലസ്തീൻ വംശഹത്യയിൽ ഇതുവരെ 45000 ത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതുവത്സര ദിനത്തിൽ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കൻ ജബാലിയയിലും സെൻട്രൽ ബുറൈജ് അഭയാർത്ഥി ക്യാമ്പിലും ആയിരുന്നു ഇസ്രായേൽ ആക്രമണം.കനത്ത മഴയും ശൈത്യവും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കനത്ത മഴയിൽ മുനമ്പിലുടനീളമുള്ള താൽക്കാലിക ഷെൽട്ടറുകൾ വെള്ളത്തിനടിയിലായി. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും ഫലസ്തീനികളെ കൂടുതൽ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *