‘സീതി സാഹിബും സി.എച്ചും മുണ്ടുടുത്തത് വലത്തോട്ട്; പാലോളി ഇടത്തോട്ടും’-ആരോപണങ്ങൾ അസംബന്ധമെന്ന് ലീഗ് നേതാവ് ഷാഫി ചാലിയം

League

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം സീതി സാഹിബിനെ കുറിച്ചും മലപ്പുറത്തെ പാകിസ്താന്‍ പിന്തുണയെ കുറിച്ചും മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി നടത്തിയ പരാമർശങ്ങളില്‍ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം ഷാഫി ചാലിയം. ഒരു തെളിവുമില്ലാത്ത അസംബന്ധങ്ങളാണ് പാലോളി പറഞ്ഞതെന്ന് ഷാഫി ‘ചന്ദ്രിക’യിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. മുൻ തദ്ദേശ മന്ത്രിയുടെ വാദത്തിനു വിരുദ്ധമായി സീതി സാഹിബും സിഎച്ച് മുഹമ്മദ് കോയയുമെല്ലാം വലത്തോട്ടായിരുന്നു മുണ്ടുടുത്തതെന്നും എന്നാൽ പാലോളി ഇടത്തോട്ടാണ് മുണ്ടുടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.League

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന പേരിലുള്ള സുവനീറിലായിരുന്നു പാലോളി മുഹമ്മദ് കുട്ടിയുടെ വിവാദ പരാമർശങ്ങൾ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‌ലിംകൾക്ക് ജീവിക്കാൻ കഴിയില്ലെന്നും സീതി സാഹിബ് ലീഗ് സമ്മേളനത്തിൽ പ്രസംഗിച്ചെന്നായിരുന്നു പാലോളിയുടെ വാദം. മുസ്‌ലിംകൾ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കളാകട്ടെ വലത്തോട്ടും. മുസ്‌ലിംകൾക്ക് ചാണകം അശുദ്ധവും ഹിന്ദുക്കൾക്ക് പുണ്യവുമാണ്. ഇങ്ങനെ വൈരുദ്ധ്യമുള്ളവർ എങ്ങനെ ഒരുമിച്ചു ഭരണം നടത്തുമെന്ന് ചോദ്യമാണ് സീതി സാഹിബ് ഉയർത്തിയതെന്നുമാണ് പാലോളി സുവനീറിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്.

എന്നാൽ, കടകംപള്ളി സുരേന്ദ്രനും വി.എസ് അച്യുതാനന്ദനും എ. വിജയരാഘവനും പിണറായി വിജയനും തുടങ്ങിവച്ചത് സിപിഎം പാലോളിയിലൂടെ കത്തിക്കുകയാണെന്ന് ഷാഫി ചാലിയം ‘ചന്ദ്രിക’ ലേഖനത്തിൽ ആരോപിച്ചു. ഒരു തെളിവുമില്ലാത്ത അസംബന്ധം നിറഞ്ഞ പരാമർശങ്ങളാണ് അദ്ദേഹം സീതി സാഹിബിൽ ആരോപിച്ചിരിക്കുന്നത്. സാംസ്‌കാരിക നായകനും സാഹിത്യകാരനും പണ്ഡിതനുമായ സീതി സാഹിബ് മിതഭാഷിയും സൗമ്യനുമായിരുന്നു. അങ്ങനെയൊരാളെ കുറിച്ച് ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള, ഐ.വി ദാസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് എഴുത്തുകാരൊന്നും പരാമർശിക്കാത്ത കാര്യങ്ങളാണ് പാലോളി പറഞ്ഞത്. സീതി സാഹിബിനെതിരെ നിരന്തര വിമർശനങ്ങൾ എഴുതാറുണ്ടായിരുന്ന മാതൃഭൂമി, ദേശാഭിമാനി, അൽഅമീൻ അടക്കമുള്ള പത്രങ്ങളും അവ പ്രസിദ്ധീകരിക്കുകയും മലബാറിൽ വർഗീയ ലഹളയ്ക്കു കാരണമാകുകയും ചെയ്യുമായിരുന്നുവെന്നും ഷാപി ലേഖനത്തിൽ പറഞ്ഞു.

‘സീതി സാഹിബിന്റെ ഗ്രൂപ്പ് ഫോട്ടോ എടുത്തുനോക്കിയാൽ അറിയാം അദ്ദേഹം വലത്തേക്കാണു മുണ്ടുടുക്കാറുള്ളതെന്ന്. സി.എച്ചും പി.കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം വലത്തോട്ട് മുണ്ടുടുക്കുന്നവരാണ്. എന്നാൽ, പാലോളിയാകട്ടെ ഇടത്തോട്ട് മുണ്ടുടുക്കുന്നവനും.’

മലപ്പുറത്തെ ലീഗുകാരാണ് പാകിസ്താൻ ഉണ്ടാക്കാൻ വാദിച്ചതെന്നു പറയുന്ന പാലോളി, എത്ര ലീഗുകാർ അവിടെ പോയെന്നു വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. മലപ്പുറത്തെ ലീഗുകാർ ജനിച്ച മണ്ണിനെ സ്‌നേഹിച്ച് ഇവിടെ തുടർന്നപ്പോൾ പാകിസ്താനെ ഇഷ്ടപ്പെട്ട് അങ്ങോട്ട് പോയ ഒരു കമ്യൂണിസ്റ്റ് നേതാവുണ്ട്. അദ്ദേഹത്തിന്റെ പേര് സഖാവ് പി.എം കുട്ടി എന്നാണ്. പാകിസ്താനിലെത്തിയ പി.എം കുട്ടി അവിടെ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി പാക് മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കി പാർലമെന്റിലെത്തുകയും ചെയ്തു. പിന്നീട് പാക് പ്രതിനിധി സംഘത്തിനൊപ്പം ഇന്ത്യ സന്ദർശിക്കുകയും സ്വന്തം നാടായ തിരൂർ തലക്കടത്തൂരിൽ എത്തുകയും ചെയ്തുവെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.

രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഹൈദരാബാദും തിരുവിതാംകൂറും ജുനഗഡും വിഭജന കരാർ ചൂണ്ടിക്കാട്ടി ഇന്ത്യൻ യൂനിയനിൽ ചേരാൻ തയാറായിരുന്നില്ല. 1948 സെപ്റ്റംബറിൽ സൈനിക നടപടിയിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയിൽ ലയിപ്പിക്കുന്നത്. അന്ന് ഹൈദരാബാദ് നൈസാമിന്റെ കൂലിപ്പട്ടാളത്തിലുണ്ടായിരുന്നയാളാണ് പാലോളി മുഹമ്മദ് കുട്ടി. അന്ന് നവാബിനു വേണ്ടി ഇന്ത്യയ്‌ക്കെതിരെ കവാത്ത് നടത്തിയ രാജ്യസ്‌നേഹിയാണ് പാലോളി. ഹൈദരാബാദ് ആക്ഷനുശേഷം നൈസാമിന്റെ പട്ടാളക്കാർക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം ലഭിച്ചപ്പോൾ താൽപര്യമില്ലെന്ന് അറിയിച്ചു നാട്ടിലേക്കു മടങ്ങിയയാളാണ് മുസ്‌ലിം ലീഗിന്റെ രാജ്യസ്‌നേഹം അളക്കാൻ വരുന്നതെന്നും ‘ചന്ദ്രിക’ ലേഖനത്തിൽ ഷാഫി ചാലിയം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *