വെടിനിർത്തൽ കരാറിലേക്ക്‌; ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍

Hamas

ദോഹ: ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.Hamas

ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും. കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഇസ്രായേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങളാണ് ഇനി വരേണ്ടത്. എന്നാല്‍ വെടിനിർത്തൽ കരാറിൻ്റെ കരട് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്.

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു. ജനുവരി 20ന് മുമ്പ് അതായത് ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിർത്തൽ കരാറിലെത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഇതിനായി യുഎസ് ഉദ്യോഗസ്ഥർ കിണഞ്ഞുപരിശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഗസ്സ സിറ്റിയിലെ സലാ അൽ-ദിൻ സ്‌കൂളിൽ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗസ്സയില്‍ 26 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *