15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ പ്രാബല്യത്തിൽ. ഇന്ന് വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു.Gaza
മൂന്ന് വനിതകളെയാണ് ഇന്ന് ഹമാസ് കൈമാറുക. റോമി ഗൊനേൻ (24), എമിലി ദമാരി (28), ഡോറോൺ ഷതൻബർ ഖൈർ (31) എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ടെലഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് ഖത്തർ അറിയിച്ചിരുന്നത്. എന്നാൽ മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഈ സമയത്തിനുള്ളിൽ 19 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേൽ ആക്രമങ്ങളിൽ ഇതുവരെ 47,000 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ.