ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട്, ഡിഐജി എന്നിവർക്കെതിരെ കേസെടുത്തു

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസടുത്തത്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു.എഫ്ഐആറിന്റെ പകർപ്പ് 24 ന് ലഭിച്ചു

നടി ഹണി റോസ് നൽകിയ പരാതിയിൽ കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സന്ദർശനത്തിന് ജയിൽ ഡിഐജി അവസരം ഒരുക്കിയത്.ജയിൽ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തിൽ ആളുകളെ ജയിലിൽ എത്തിച്ച രണ്ടുമണിക്കൂർ നേരം സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുകയായിരുന്നു.ഈ പരാതിയിൽ നിലവിൽ മധ്യ മേഖല ജയിൽ ഡിഐജിയും,ജയിൽ സൂപ്രണ്ടും അടക്കം സസ്പെൻഷനിലാണ്.
ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കണ്ടാലറിയാവുന്ന ആറുപേരും കേസിൽ പ്രതികളാണ്.ഇതിൽ രണ്ടുപേർ വനിതകളാണ്.ഇതോടെ നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്തേണ്ടി വരും. കേസിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *