മുസ്ലിം സ്ത്രീകൾക്കെതിരെ ‘എഐ’ വെറുപ്പ്; അശ്ലീല ചിത്രങ്ങൾ നിർമിച്ച് വ്യാപക പ്രചാരണം
ന്യൂഡൽഹി: സുള്ളി ഡീല്‍സിന് പിന്നാലെ മുസ്‍ലിം സ്ത്രീകള്‍ക്കെതിരെ വീണ്ടും സമൂഹമാധ്യമങ്ങളിൽ വെറുപ്പ് പ്രചാരണം. മുസ്‌ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ചാണ് പ്രചരിപ്പിക്കുന്നത്.
സുള്ളി ഡീല്‍സിന് ഇരയായവർക്കും അശ്ലീല എഐ ചിത്രങ്ങൾ അയക്കുന്നുണ്ട്. നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ ഹിന്ദു പുരുഷൻമാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നൽകുന്നുണ്ട്.
‘ചിത്രങ്ങൾ എന്നെ വളരെയധികം അസ്വസ്ഥമാക്കുന്നുണ്ട്. എനിക്കും ഇത്തരം ചിത്രങ്ങളും ഭീഷണികളും ലഭിച്ചിട്ടുണ്ട്. കേവലമൊരു ട്രോളായി ഇതിനെ കാണരുത്, മുസ്ലിംകൾക്കുനേരെയുള്ള വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണിത്. അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെടുന്ന മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ശ്രമം’ -നബിയ ഖാൻ പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്‍ അപമാനിച്ച സംഭവമായിരുന്നു ‘സുള്ളി ഡീൽസ്’.