സഹപാഠിയുടെ ഫോണ്‍ നമ്പർ നല്‍കിയില്ല; മലപ്പുറം എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു

An 18-year-old was kidnapped and beaten up by a gang of drug addicts at the point of a stick and sword in Edappal, Malappuram, for not giving his classmate's phone number.

 

മലപ്പുറം: എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദിച്ചുവെന്ന് പരാതി.കുറ്റിപ്പാല സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. സഹപാഠിയുടെ ഫോണ്‍ നമ്പർ ചോദിച്ചിട്ട് നല്‍കിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഓടിരക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ പിടിയിലായി. മുബഷിര്‍ മുഹമ്മദ് ,യാസിര്‍ , 17 വയസുകാരനുമാണ് പിടിയിലായത്. വടിവാളുമായി യുവാവിനെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

അതിനിടെ,സംസ്ഥാനത്ത് ലഹരിമാഫിയയുടെ അതിക്രമങ്ങള്‍ കൂടിവരികയാണ്. തിരുവനന്തപുരം ചിറയിൻകീഴ് കുറകടയിൽ ലഹരി മാഫിയ വീട്ടിലെ സിസിടിവി അടിച്ച് തകർത്തു പരാതി. നാട്ടുകാർ പ്രദേശത്ത് ലഹരിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വീടുകളിൽ സിസിടിവിയും സ്ഥാപിച്ചിരുന്നു. അപരിചിതരായ ആളുകൾ പ്രദേശത്ത് വന്നു പോയിരുന്നതായി നാട്ടുകാർ പറയുന്നു. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ സിസിടിവി ക്യാമറയാണ് യുവാവ് അടിച്ചത് തകർത്തത്. യുവാവിനെ നാട്ടുകാർ പിടികൂടി മംഗലപുരം പോലീസിൽ ഏൽപ്പിച്ചു.

പരിശോധനങ്ങള്‍ ശക്തമാക്കിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്ത് നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. എറണാകുളത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും എംഡിഎംഎയും കണ്ടെടുത്തു.ആലുവ സ്വദേശി വിവേകിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

പെരുമ്പാവൂരിൽ രണ്ടര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി.ഒഡിഷ സ്വദേശി സന്തോഷ് മഹന്ദി, അസം സ്വദേശി ദിനുൽ ഇസ്‍ലാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചാക്കിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്.

രാമനാട്ടുകരയിൽ കഞ്ചാവ് മൊത്തവിതരണക്കാർ പിടിയിലായി. ഒഡിഷ സ്വദേശികളായ ബസുദേവ് മഹാപത്ര,ദീപ്തി രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *