അതിജീവിതയെ പീഡിപ്പിച്ച് സ്വർണം കവർന്ന മൂന്നുപേർ അറസ്റ്റിൽ

അതിരപ്പിള്ളി: അതിജീവിതയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ വീട്ടിൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി സ്വദേശി അത്താവീട്ടിൽ ഡൂഡ് എന്ന ജലാലുദ്ദീൻ (23 ), അതിരപ്പിള്ളി വെറ്റിലപ്പാറ 13 ചിക്ലായി സ്വദേശി കളിക്കാട്ടിൽ വീട്ടിൽ ജോബിൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
13ന് രാത്രി ഒമ്പതോടെയാണ് എം.ഡി.എം.എ കലർന്ന വെള്ളം കുടിക്കാൻ നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു പവൻ വീതം തൂക്കമുളള മാലയും വളയും തട്ടിയെടുക്കുകയും ചെയ്തത്. റഷീദ് 2016ൽ തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയത് അടക്കം 16 കേസുകളിലെ പ്രതിയാണ്. ജലാലുദ്ദീൻ നാല് ക്രിമിനൽകേസുകളിൽ പ്രതിയാണ്.
