എ.ഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറിയായാൽ ഇതിനപ്പുറം പറയും; മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴ്ന്നു -ഷിബു ബേബി ജോൺ
ചവറ: മുഖ്യമന്ത്രി പിണറായി വിജയൻ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴുന്നതായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. എ.ഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറിയായാൽ ഇതിനപ്പുറം പറയും. ഏത് ലോകത്താണ് ഇവർ ജീവിക്കുന്നത്. എ.ഐ ചിത്രമാണെങ്കിൽ അത് തിരിച്ചറിയാനുള്ള സംവിധാനമുണ്ടെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ബീമാ ജ്വലറി ഒരു ആംബുലൻസ് കേരള പൊലീസിന് കൈമാറുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. ആംബുലൻസ് ജ്വലറി ഉടമ സ്വമേധയാ കൊടുത്തതാണോ, ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആരാണ് വിളിച്ചത്, പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറുന്നത് എങ്ങനെയാണെന്നും ഷിബു ചോദിച്ചു.
ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പൊലീസുകാരനും അടക്കമുള്ളവർ ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ അസ്വഭാവികതയുണ്ട്. മോഷണം നടന്ന കാലത്ത് പ്രതിയും മന്ത്രിയും തമ്മിൽ സംസാരിച്ചത് എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കടകംപള്ളിയും സർക്കാരും വ്യക്തത വരുത്തണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിയുടെ പാലം പരാമർശത്തിലൂടെ ജോൺ ബ്രിട്ടാസിനേറ്റ ക്ഷീണം മാറ്റാൻ എൻ.കെ. പ്രേമചന്ദ്രന്റെ പുറത്ത് കുതിരകയറേണ്ട. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന പാർലമെന്റ് അംഗമാണ് പ്രേമചന്ദ്രൻ എന്ന പ്രധാനമന്ത്രി പറഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. നരേന്ദ്ര മോദിയെയും അമിത് ഷായെയും പിണറായിക്ക് കാണുന്നതിൽ ഒരു അസ്വാഭാവികതയില്ല. പ്രധാനമന്ത്രിയുടെ ചായ സൽകാരത്തിൽ പ്രേമചന്ദ്രൻ പങ്കെടുത്താൽ അസ്വാഭാവികത കാണുന്നത് രാഷ്ട്രീയ ദാരിദ്ര്യം കൊണ്ടാണെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
