നേട്ടങ്ങളുടെ കായികലോകം

ക്രിക്കറ്റിൽ സമീപകാലത്തെ മികച്ച നേട്ടങ്ങളുടെ തമ്പുരാക്കന്മാരായി ഇന്ത്യ വാണ പോയവർഷത്തിൽ സംഭവ ബഹുലമായിരുന്നു കായിക കലണ്ടർ. ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബാൾ, അത്ലറ്റിക്സ്, ടെന്നിസ് തുടങ്ങി ഓരോ വിഭാഗത്തിലും വിപ്ലവങ്ങളേറെ സൃഷ്ടിച്ചാണ് ഇന്ത്യ ലോകത്തിനൊപ്പം പുതുവർഷപ്പുലരിയിലേക്ക് ചുവടുവെക്കുന്നത്. ട്രാക്കിലും ഫീൽഡിലുമടക്കം ഇനിയുമേറെ ദൂരം താണ്ടാനുണ്ടെങ്കിലും പ്രതീക്ഷയുടെ തിരി ബാക്കിവെച്ച് ഹോക്കിയിലും ബാഡ്മിന്റണിലുമടക്കം രാജ്യം നേട്ടങ്ങൾ കൊയ്തെങ്കിലും ഫുട്ബാളിൽ അപ്രതീക്ഷിതമായി പിറകിലേക്കാണ് നാം സഞ്ചരിച്ചത്. ഇതിനിടെയും കായികലോകത്തെ ത്രസിപ്പിച്ച് സംഭവങ്ങൾക്കൊപ്പം ശ്രദ്ധേയ സാന്നിധ്യമായ വ്യക്തികളുമനവധി.
ചെസിൽ പുത്തൻ താരോദയങ്ങൾ
ദിവ്യ ദേശ്മുഖ് എന്ന 19കാരി ലോക ചെസിൽ കരുക്കൾ നീക്കിക്കയറിയതും ലോകം ശ്രദ്ധിച്ചു. ഫിഡെ വനിത ലോകകപ്പിൽ കിരീടമുയർത്തിയായിരുന്നു ദേശ്മുഖ് ചതുരംഗക്കളത്തിലെ റാണിയായത്. ടൂർണമെന്റ് അവസാനിക്കുമ്പോഴേക്ക് താരം ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കിയിരുന്നു.
ബാഡ്മിന്റണിൽ പക്ഷേ, എടുത്തുപറയാൻ കാര്യമായ നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾക്കുണ്ടായില്ല. പരിക്കു മാറി തിരിച്ചെത്തിയിട്ടും പി.വി. സിന്ധു പിന്നാക്കം നിന്നപ്പോൾ ലക്ഷ്യ സെൻ കരിയറിലാദ്യമായി ആസ്ട്രേലിയൻ ഓപണിൽ ചാമ്പ്യനായി. ഹോക്കിയിൽ ടീം ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായതായിരുന്നു സുപ്രധാനമായ മറ്റൊന്ന്. എട്ടു വർഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു ടീം ഇന്ത്യയുടെ കിരീടനേട്ടം.
ഇന്ത്യയുടെ ക്രിക്കറ്റ് വർഷം
ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ ന്യൂസിലൻഡിനെ തകർത്തുവിട്ട് രോഹിത് ശർമ-വിരാട് കോഹ്ലി വെറ്ററൻ കൂട്ടുകെട്ട് നാലാം ഐ.സി.സി കിരീടം മാറോടുചേർത്തതായിരുന്നു ക്രിക്കറ്റിൽ ഇന്ത്യയുടെ വലിയ വിജയങ്ങളിലൊന്ന്. 2013ൽ എം.എസ് ധോണിയുടെ നായകത്വത്തിൽ സ്വന്തമാക്കിയ ഇതേ കിരീടത്തിനായി ഒരു വ്യാഴവട്ടം നീണ്ട കാത്തിരിപ്പിനാണ് അറുതിയായത്. ഫൈനലിൽ രോഹിത് നയിച്ച ടീം ന്യൂസിലൻഡിനെയാണ് തകർത്തുവിട്ടത്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട ടീമിന് ഇരട്ടിമധുരമായിരുന്നു ഈ വിജയം.
ഇന്ത്യ ഫൈനൽ കാണാതെ നേരത്തെ മടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ സംഘം കിരീടം തൊട്ടതിനുമുണ്ട് സമാനമായൊരു ചരിതം. 27 വർഷത്തെ ഐ.സി.സി ട്രോഫി കാത്തിരിപ്പിന് ടീം സാഫല്യമേകുമ്പോൾ കംഗാരുക്കളാണ് പ്രോട്ടീസ് പടയോട്ടത്തിൽ വീണത്. ഐ.പി.എല്ലിൽ 18 വർഷമായി ആരാധകരേറെയുള്ള ടീമായി വിലസുന്ന കോഹ്ലിയുടെ ആർ.സി.ബിക്ക് കന്നിക്കിരീടം ലഭിച്ചതും ഇതോട് ചേർത്തുപറയാവുന്ന മറ്റൊന്ന്. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിക്കപ്പെട്ടത് മുതൽ മൂന്നുവട്ടം കിരീടത്തിനരികെയെത്തിയ ടീം അവസാനം പഞ്ചാബ് കിങ്സിനെ വീഴ്ത്തി അത് സ്വന്തമാക്കി.
ഏഷ്യ കപ്പിൽ ഇന്ത്യ ഒമ്പതാം തവണ ചാമ്പ്യന്മാരായതായിരുന്നു മറ്റൊരു വിശേഷം. ബദ്ധവൈരികളായ പാകിസ്താനായിരുന്നു ഫൈനലിൽ എതിരാളികൾ. ഉടനീളം തോൽവിയറിയാതെ ഫൈനലിലെത്തിയ ടീം പാക് പടയെ മാത്രം ഇതേ ടൂർണമെന്റിൽ തകർത്തുവിട്ടത് മൂന്നുതവണ. എന്നാൽ, കിരീടം നൽകേണ്ട പാക് അധ്യക്ഷൻ മുഹ്സിൻ നഖ്വി നേരിട്ടല്ലാതെ കൈമാറാൻ വിസമ്മതിച്ചതിനെ ചൊല്ലിയുണ്ടായ പുകിലുകൾ കുറെനാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
ഗോളാന്തര പ്രതിഭകൾ
ഫുട്ബാളിൽ ബാലൻ ഡി ഓറും ഫിഫ താരപദവിയും തേടിയെത്തിയ ഉസ്മാൻ ഡെംബലെയെ കൂട്ടി പാരിസ് സെന്റ് ജെർമയിൻ യുവേഫ ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം ചൂടി. ഇന്റർ മിലാനെ ഫൈനലിൽ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടീം തരിപ്പണമാക്കിയത്. യുവേഫ യൂറോപ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറായിരുന്നു ചാമ്പ്യന്മാർ. ഏഴു പതിറ്റാണ്ടായി ഒരു കിരീടവും സ്വന്തമെന്ന് പറയാനില്ലാത്ത ന്യൂകാസിൽ യുനൈറ്റഡ് ഇ.എഫ്.എൽ കപ്പിൽ ചാമ്പ്യന്മാരായി. ഫിഫ ഇന്റർകോണ്ടിനെന്റൽ പോരിലും പി.എസ്.ജിതന്നെയായിരുന്നു ജേതാക്കൾ. വനിതകളിൽ യുവേഫ യൂറോ ഇംഗ്ലണ്ടിനെ തുണച്ചു. 32 ടീമുകളാക്കി ഫിഫ ക്ലബ് ലോകകപ്പിൽ പി.എസ്.ജിയെ വീഴ്ത്തി ചെൽസി ചാമ്പ്യന്മാരായി.
ബാലൻ ഡി ഓർ വനിതകളിൽ ഐറ്റാന ബോൺമാറ്റി, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ലമീൻ യമാൽ, മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി ഡോണറുമ്മ എന്നിവരും സ്വന്തമാക്കി. ഫിഫ അണ്ടർ-20 ലോകകപ്പിൽ മൊറോേക്കാ ആയിരുന്നു ചാമ്പ്യന്മാർ. ഫിഫ അറബ് കപ്പും മൊറോക്കോ തന്നെ കൊണ്ടുപോയി. അത്ലറ്റിക്സിൽ സമാനതകളില്ലാത്ത മികവുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇത്തവണ 450 മെഡലുകളാണ് ടീം നേടിയത്.
അവസാനം ദ്യോകോയും ചിത്രത്തിൽനിന്ന് പതിയെ മടങ്ങിയ ടെന്നിസിൽ കാർലോസ് അൽകാരസ്-ജാനിക് സിന്നർ ദ്വയം മാത്രമായി ചുരുങ്ങിയതാണ് ഏറ്റവും വലിയ വാർത്ത. ഫ്രഞ്ച് ഓപൺ, യു.എസ് ഓപൺ കിരീടങ്ങൾ ചൂടിയ അൽകാരസ് ലോക ഒന്നാം നമ്പർ പദവി തിരിച്ചുപിടിച്ചപ്പോൾ സിന്നർ ആസ്ട്രേലിയൻ ഓപൺ, വിംബിൾഡൺ, എ.ടി.പി ഫൈനൽസ് എന്നിവയിലും ചാമ്പ്യനായി. അതിനിടെ, കരിയറിൽ ദ്യോകോവിച് 101ാം കിരീടം നേടി പുതിയ ചരിത്രം കുറിക്കുകയും ചെയ്തു.
നീരജ് 90 നോട്ടൗട്ട്
ഏറെയായി അകന്നുനിന്ന 90 മീറ്റർ കടമ്പ കടന്ന് നീരജ് ചോപ്രയെന്ന അതികായന്റെ ജാവലിൻ പിന്നെയും കുതിച്ചതായിരുന്നു പോയവർഷത്തെ വേറിട്ട വാർത്ത. ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്ററാണ് നീരജ് എറിഞ്ഞിട്ടത്. അതുകഴിഞ്ഞ് സ്വന്തം പേരിൽ ബംഗളൂരു ശ്രീകണ്ഠീരവ മൈതാനത്ത് നീരജ് ചോപ്ര ക്ലാസിക് നടത്തിയും താരം ഹീറോ ആയി.
ലേഡീസ് ഫസ്റ്റ്
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഹർമൻപ്രീത് കൗറും കൂട്ടരും കന്നിക്കിരീടം ഉയർത്തി ചരിത്രം കുറിച്ചതായിരുന്നു കഴിഞ്ഞ വർഷത്തെ സുപ്രധാനമായ മറ്റൊരു വിശേഷം. അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു ആദ്യ ലോകചാമ്പ്യൻപട്ടം വനിതകളെ തേടിയെത്തിയത്. മുൻചാമ്പ്യന്മാരായ ഓസീസാണ് നീലപ്പടയുടെ പടയോട്ടത്തിൽ നിലംപരിശായത്. അന്ധ ക്രിക്കറ്റിൽ ഇന്ത്യൻ വനിതകളെത്തിയതും ശ്രദ്ധേയമായി.
ഫുട്ബാളിൽ ചോദ്യങ്ങൾ ബാക്കി
ഐ.എസ്.എൽ പുതിയ സീസൺ നടക്കുമോയെന്ന് പോലും പറയാനാകാത്ത പ്രതിസന്ധിയിലകപ്പെട്ടതാണ് ഇന്ത്യൻ സോക്കറിലെ പുതുവർത്തമാനം. ബംഗ്ലാദേശിനോട് 22 വർഷത്തിനിടെ ആദ്യമായി തോൽവി വഴങ്ങിയ ടീം എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതക്കായുള്ള ഗ്രൂപ്പിൽ അവസാനക്കാരുമായി. ഹോങ്കോങ്, സിംഗപ്പൂർ എന്നിവരായിരുന്നു മറ്റു ടീമുകൾ. ഏക ആശ്വാസം അണ്ടർ17 ഏഷ്യൻ കപ്പിൽ നീലപ്പട യോഗ്യരായതു മാത്രം.
വെറ്ററൻ വർഷം
ഇന്ത്യയിൽ രോഹിതും വിരാടുമെന്നപോലെ ലോക സോക്കറിൽ മെസ്സിയും റൊണാൾഡോയുമില്ലാതെ ഒന്നും പൂർത്തിയാകില്ലെന്ന് ഈ വർഷവും തെളിയിച്ചു. ഗോൾവേട്ടയിൽ റൊണാൾഡോ നിരന്തരം പുതുക്കിക്കൊണ്ടിരുന്ന റെക്കോഡ് കൂടുതൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ മെസ്സി അമേരിക്കൻ ലീഗിലും തന്റെ സുവർണ സ്പർശം കൂടുതൽ രാജകീയമാക്കി. അത്ലറ്റിക്സിൽ മോണ്ടോ ഡുപ്ലാന്റിസ്, കാറോട്ടത്തിൽ മാക്സ് വെസ്റ്റപ്പൻ തുടങ്ങി നിരവധി പേർ തിളങ്ങിനിന്നതിനിടയിൽ ഇന്ത്യക്കാരൻ പയ്യനായ വൈഭവ് സൂര്യവൻഷി തീർത്ത ഓളവും വരാനിരിക്കുന്നതിലേക്കുള്ള വലിയ വെടിക്കെട്ടായി.
‘ഗോട്ട് ടൂർ’
മെസ്സിയുടെ ഏറെ ആഘോഷിക്കപ്പെട്ട ഇന്ത്യൻ പര്യടനവും ഇതേ വർഷം നടന്നു. കേരളത്തിലെത്തുമെന്നും കലൂർ മൈതാനത്ത് പന്തുതട്ടുമെന്നുമായിരുന്നു മലയാളി ആദ്യമറിഞ്ഞ വാർത്തയെങ്കിലും ഇന്ത്യയിൽ കാൽപന്തിന്റെ നഗരമായ കൊൽക്കത്തയിൽ തുടങ്ങി ഗുജറാത്തിൽ വരെ സന്ദർശിച്ചായിരുന്നു ലയണൽ മെസ്സി തിരികെ പറന്നത്. കൂടെ അർജന്റീന ടീമിലെ പ്രമുഖരുമുണ്ടായി.
