ഷോൺ ജോർജിനെതിരെ ജാതി അധിക്ഷേപ പരാതി; പരാതി നൽകിയത് ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ്



കോട്ടയം: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ജാതിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായി മുണ്ടക്കയം മണ്ഡലം പ്രസിഡന്‍റ് വിമൽ. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തിയെന്നുമാണ് എരുമേലി പൊലീസിൽ നൽകിയ പരാതിയിൽ വിമൽ ചൂണ്ടിക്കാട്ടുന്നത്.

ജാതി അധിക്ഷേപത്തിൽ ആദ്യം ബി.ജെ.പി നേതൃത്വത്തിനാണ് വിമൽ പരാതി നൽകി. എന്നാൽ, പാർട്ടി നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയോ പരിഗണനയോ ലഭിച്ചില്ലെന്നാണ് ആക്ഷേപം. പാർട്ടിയിൽ നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വിമൽ എരുമേലി പൊലീസിന് നേരിട്ട് പരാതി നൽകിയത്.

പൊലീസിൽ പരാതിയതോടെയാണ് ജാതി അധിക്ഷേപം പുറം ലോകം അറിഞ്ഞത്. തുടർന്ന് ബി.ജെ.പി ജില്ല നേതൃത്വം ഉടൻ തന്നെ ഇടപെടുകയും വിമലിനെ ചർച്ചക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് ചർച്ചക്കൊടുവിൽ വിമൽ പരാതി പിൻവലിച്ചെന്നാണ് വിവരം.