ഒരു തങ്ങളെയും ആക്ഷേപിച്ചിട്ടില്ല…, പൈതൃകം പറഞ്ഞത് നന്നായെന്നും സംശയം തീർന്നെന്നും ലീഗുകാർ വരെ വിളിച്ച് പറഞ്ഞു… -ഉമർ ഫൈസി
കോഴിക്കോട്: പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ സാദിഖലി തങ്ങൾക്കെതിരെ വിമർശനമുന്നയിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. താൻ ഒരു തങ്ങളെയും ആക്ഷേപിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയിൽ ആഘോഷിക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. പൈതൃകം പറഞ്ഞത് നന്നായെന്ന് ലീഗുകാർ വരെ തന്നെ വിളിച്ച് പറഞ്ഞെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘എന്റെ പ്രസംഗം വളരെ വ്യക്തമാണ്. ഞാൻ ഒരു തങ്ങളെയും ആക്ഷേപിച്ചിട്ടില്ല. ബാഫഖി തങ്ങളെയും മറ്റു തങ്ങന്മാരെയും ആക്ഷേപിച്ചുവെന്ന് പറയുന്നുണ്ട്. ബാഫഖി തങ്ങൾ ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ മനുഷ്യനാണ്. അല്ലാഹുവിന്റെ വലിയ്യ് ആണെന്നാണ് ഞാൻ പറഞ്ഞത്. പൈതൃകം എന്താണെന്ന് ഞാൻ വിശദീകരിച്ചിട്ടുണ്ട്. മഹാന്മാരായ ബാഫഖി തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദറലി തങ്ങൾ അവരെയൊക്കെ അനുകരിച്ച് പോകണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ…’ -അദ്ദേഹം പറഞ്ഞു.
ഷാഫി ചാലിയം പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും സോഷ്യല്‍ മീഡിയയിൽ ആഘോഷിക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്നും ഉമർ ഫൈസി പറഞ്ഞു. സമസ്ത നേതാക്കൾ ശാസിച്ചെന്ന വാർത്തയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കൂ എന്നായിരുന്നു മറുപടി. പൈതൃകം പറഞ്ഞത് മോശമായി എന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. പൈതൃകം പറഞ്ഞത് നന്നായെന്നും സംശയം തീർന്നെന്നും ലീഗുകാർ വരെ എന്നെ വിളിച്ച് പറഞ്ഞു… -അദ്ദേഹം വ്യക്തമാക്കി.
ഉമർ ഫൈസി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പാണക്കാട് തങ്ങന്മാരെ പുലഭ്യം പറയുന്ന ഉമർ ഫൈസി, മലപ്പുറത്തിനെതിരെയും മുസ്ലിംകൾക്കെതിരെയും വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ എന്തെങ്കിലും മിണ്ടിയോ എന്ന് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം ചോദിച്ചിരുന്നു. ‘വെള്ളാപ്പള്ളി എന്തെല്ലാം മുസ്ലിം സമുദായത്തെക്കുറിച്ച് പറയുന്നു. പണക്കാട് തങ്ങന്മാരെ പുലഭ്യം പറയാൻ നടക്കുകയാണ് എന്നല്ലാതെ വെള്ളാപ്പള്ളി എന്ന കൊടും വർഗീയവാദിക്കെതിരെ ഇവന്മാർ ആരെങ്കിലും എന്തെങ്കിലും മിണ്ടിയോ? ഈ സമുദായത്തിലെ എല്ലാ വിഭാഗവും മുസ്ലിം ലീഗിലുണ്ട്. എല്ലാ വിഭാഗങ്ങളുമായും എങ്ങനെയാണ് ജീവിച്ച് പോകേണ്ടത് എന്ന മാതൃക ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ച് തന്നിട്ടുണ്ട്. ബാഫഖി തങ്ങൾ കെ.എം. മൗലവിയോടൊപ്പമാണ് ജീവിച്ചത്. തുടർന്ന് വന്ന പൂക്കോയ തങ്ങൾക്കും എൻ.വി. അബ്ദുസ്സലാം മൗലവിയും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. ഇന്ന് സാദിഖലി തങ്ങളെങ്ങാനും പോയി ഒരു മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ടാൽ ഇസ്ലാമിൽനിന്ന് ഇവർ പുറത്താക്കും…’ -ഷാഫി ചാലിയം വിമർശിച്ചിരുന്നു.
പാണക്കാട് തങ്ങളെ വിമർശിച്ചതിന് ഉമർ ഫൈസിയെ സമസ്ത ശാസിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവരാണ് ഉമർ ഫൈസിയെ ശാസിച്ചത്. പാണക്കാട് സാദാത്തുക്കളെ സംബന്ധിച്ച് പരാമർശിച്ച ചില പ്രയോഗങ്ങൾ സമസ്തയുടെ ഒരു പ്രവർത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീർത്തും അപമര്യാദയുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശാസന.
