3×3 ദേശീയ ബാസ്കറ്റ്ബാൾ: കേരള വനിതകൾക്ക് കിരീടം

ന്യൂഡൽഹി: കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3×3 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തിയാണ് കേരളം കിരീടം നിലനിർത്തിയത്.
ഈ മാസം ആദ്യം ചെന്നൈയിൽ റെയിൽവേയോട് 5×5 ഫോർമാറ്റിൽ ഏറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി ഡൽഹിയിലെ വിജയം.
രാവിലെ സെമി ഫൈനലിൽ ഡൽഹിയെ (21-18) പരാജയപ്പെടുത്തി കേരള വനിതകൾ ഫൈനലിൽ പ്രവേശിച്ചു.
കേരളത്തിനുവേണ്ടി അനീഷ ക്ലീറ്റസ് ആർക്കിനു പുറത്തുനിന്നുള്ള രണ്ട് പോയിന്റുകൾ സഹിതം ആറ് പോയിന്റുകൾ നേടി ടോപ് സ്കോററായി . ശ്രീകല അഞ്ച് പോയിന്റുകൾ നേടി.
കേരള ടീം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കവിത ജോസ് (ക്യാപ്റ്റൻ) ശ്രീകല ആർ, അനീഷ ക്ലീറ്റസ് എന്നിവരും, കേരള പോലീസിൽ നിന്നും ജയലക്ഷ്മി വി.ജെയും അടങ്ങിയതാണ് ടീം. പാലക്കാട് നിന്നുള്ള വിനീഷ് ആണ് മാനേജർ. വിജയികൾക്ക് മുന്ന് ലക്ഷം രൂപ പ്രൈസ് മണിയായി ലഭിച്ചു.
