‘എന്തൊരു നാണക്കേട്! അമേരിക്കയാണ് താരിഫ് കുറക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇന്ത്യയല്ല’
അമേരിക്ക വ്യാപാര തീരുവ കുറച്ച വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ സി.എൻ ജയരാജൻ. 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി താരിഫ് കുറക്കുന്നത് അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനമാണെന്നും എന്തൊരു ദുരന്തമാണിതിൽ സംഭവിച്ചതെന്ന് വായനക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് വായിക്കാം:
ഇന്നത്തെ ദേശീയ പത്രങ്ങളിൽ മുഖ്യമായി വന്നിരിക്കുന്ന വാർത്ത അമേരിക്ക താരിഫ് നികുതി 50ൽ നിന്ന് 18 ശതമാനമായി കുറച്ചു എന്നതാണ്…
ഇതിനെ മോദിയും അമിത് ഷായും ശിവശങ്കരനും സ്വാഗതം ചെയ്തുവത്രെ….
എന്തൊരു ദുരന്തമാണ്, നാണക്കേടാണ് ഇതൊക്കെ എന്ന് വായനക്കാർ ചിന്തിക്കണം…അതിലേക്കായി ചില കാര്യങ്ങൾ താഴെ പറയാം..
അമേരിക്കൻ ഐക്യനാടുകളാണ് താരിഫ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇന്ത്യയല്ല.
ട്രംപും മോദിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് ശേഷം അമേരിക്കൻ ഉദ്യോഗസ്ഥരും അംബാസഡറും സ്ഥിരീകരിച്ചതനുസരിച്ച്, 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി താരിഫ് കുറയ്ക്കുന്നത് അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനമാണ്.
തങ്ങളുടെ കയറ്റുമതിക്ക് ഇനി 18 ശതമാനം നികുതി മാത്രമേ ഉണ്ടാകൂ എന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും, പകരമായി ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നികുതി കുറയ്ക്കലിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇനി, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നത് സംബന്ധിച്ച അവകാശവാദവും അമേരിക്കയുടേതാണ്, ഇന്ത്യയുടേതല്ല. ഈ ധാരണയുടെ ഭാഗമായി ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപും സംഘവും അവകാശപ്പെടുമ്പോഴും, ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
താരിഫ് ഇളവിനെക്കുറിച്ചും സഹകരണത്തെക്കുറിച്ചും മാത്രമേ ഇന്ത്യ സംസാരിക്കുന്നുള്ളൂ. നേരത്തെയും ഇത്തരത്തിലുള്ള അമേരിക്കൻ അവകാശവാദങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശരിവെച്ചിരുന്നില്ല.
സീറോ താരിഫ് ബാധകമാകുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയും ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടില്ല. ഊർജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും അവയുടെ നികുതി പൂജ്യമാക്കുമെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതിന്റെ ഔദ്യോഗിക രേഖകളൊന്നും വന്നിട്ടില്ല.
നിലവിൽ ഇത് അമേരിക്കൻ ഭാഗത്തുനിന്നുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ്.
ചുരുക്കത്തിൽ, നികുതി കുറയ്ക്കുന്ന കാര്യത്തിൽ അമേരിക്ക വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും, പകരമായി ഇന്ത്യ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായ രേഖകളോ കരാറുകളോ പുറത്തുവന്നിട്ടില്ല.
സുതാര്യമായ ഒരു കരാറിന്റെ അഭാവത്തിൽ, കേവലം പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ഈ നയം മുന്നോട്ട് പോകുന്നത് എന്നതാണ് ഇതിലെ പ്രധാന പോരായ്മ.
ഇന്ത്യൻ മാധ്യമങ്ങളും സംഘഫാസിസങ്ങളും ജനങ്ങളോട് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത് എന്നു പറയുന്നതേയില്ല. അമേരിക്കയാണ് ഇന്ത്യയുടെ കാര്യങ്ങളെല്ലാം പറയുന്നത്.
ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണെന്നും സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കുമെന്നും പറയാനുള്ള ത്രാണി ഭീരുക്കളായ സംഘഫാസിസത്തിനില്ല….
അമേരിക്ക പറയുന്നത് കേട്ട് അനുസരിക്കുന്ന ഒരു പാവ ഭരണകൂടമായി ഇന്ത്യൻ സംഘ സർക്കാർ മാറിയിരിക്കുന്നു. പണ്ട്, വെനിേസ്വലയിൽ നിന്ന് ഓയിൽ വാങ്ങരുത് എന്നു പറഞ്ഞു, ഇന്ത്യ അനുസരിച്ചു. ഇപ്പോൾ വെനിസ്വലയിൽ നിന്ന് അമേരിക്കൻ കമ്പനികളുടെ അടുത്തു നിന്ന് ഓയിൽ വാങ്ങാനാണ് അമേരിക്കൻ ജയമാനന്റെ നിർദ്ദേശം. മോദിയും സംഘഗണങ്ങളും അത് അതേ പടി അനുസരിക്കുമെന്നാണ് കരുതേണ്ടത്.
ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം സകല അയൽ രാജ്യങ്ങളുമായും പിണങ്ങി അമേരിക്കയുടെ അടിമരാജ്യമായി ഇന്ത്യയെ സംഘഫാസിസം മാറ്റുന്നു എന്നതാണ്’’.
