‘അവന്റെ പേര് മെസ്സിയെന്നായിരുന്നെങ്കിൽ ചുവപ്പ് കാർഡ് വീശില്ലായിരുന്നു’

സാന്റകാർല: ലോകകപ്പ് നോക്കൗട്ടിൽ അമേരിക്കയുടെ മുന്നേറ്റ നിര താരം േഫ്ലാറിയാൻ ബലോഗണിന് ചുവപ്പ്കാർഡ് നൽകിയ തീരുമാനത്തെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. ബോസ്നിയക്കെതിരായ മത്സരത്തിനിടെ 45ാം മിനിറ്റിൽ അമേരിക്കയുടെ ഗോൾ നേടിയ േഫ്ലാറിയാനെ 63ാം മിനിറ്റിൽ ഫൗളിന്റെ പേരിൽ ചുവപ്പുകാർഡ് നൽകി പുറത്താക്കിയ തീരുമാനത്തെ ചോദ്യം ചെയ്താണ് താരങ്ങളും ആരാധകരും രംഗത്തുവന്നത്. േഫ്ലാറിയാന്റെ സ്ഥാനത്ത് അർജന്റീനയുടെ ലയണൽ മെസ്സിയായിരുന്നെങ്കിൽ റഫറി ചുവപ്പുകാർഡ് നൽകില്ലായിരുന്നുവെന്നാണ് മുൻ യു.എസ് താരം അലക്സി ലാലാസിന്റെ പ്രതികരണം. ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ അൽജീരിയക്കെതിരായ മത്സരത്തിനിടെ മെസ്സിയുടെ ഫൗളിന് റഫറി കാർഡ് നൽകിയില്ലെന്ന് പരാമർശിച്ചായിരുന്നു മുൻ അമേരിക്കൻ താരം പരിഹാസമുന്നയിച്ചത്.
റെഡ് കാർഡ് തീരുമാനത്തെ യു.എസ് കോച്ച് മൗറിസിയോ പൊച്ചെട്ടിനോയും വിമർശിച്ചു. പരിക്കോ, ഫൗളോ ചെയ്യണമെന്നുദ്ദേശിച്ചുള്ള ടാക്ലിങ് ആയിരുന്നില്ല. റീേപ്ലകളിൽ അത് വ്യക്തമാണ് -പൊച്ചെട്ടിനോ പറഞ്ഞു. മത്സരം നിയന്ത്രിച്ച റഫറി കളി തുടരാൻ അനുവദിച്ചെങ്കിലും ബോസ്നിയൻ താരങ്ങളുടെ അപ്പീലിൽ വി.എ.ആർ ആണ് പുനഃപരിശോധനക്ക് തീരുമാനിച്ചത്. അമേരിക്കയുടെ മുന്നേറ്റത്തിലെ കുന്തമുനയായ താരത്തിന്റെ റെഡ് കാർഡ് പ്രീക്വാർട്ടറിലെ മത്സരത്തിൽ തിരിച്ചടിയാവും.
