ഒലിസെ, ഫ്രഞ്ച്പടയുടെ ഒളിപ്പോരാളി

ന്യൂ​ജ​ഴ്സി: ലോ​ക​ക​പ്പു​ക​ളി​ൽ വി​ഖ്യാ​ത ആ​ക്ര​മ​ണ കൂ​ട്ടു​കെ​ട്ടു​ക​ൾ എ​ക്കാ​ല​ത്തും പി​റ​ന്നി​ട്ടു​ണ്ട്. ​ഫ്രെ​ങ്ക് പു​ഷ്കാ​സ്- ജോ​സ​ഫ് ബോ​സി​ക്, റെ​യ്മ​ണ്ട് കോ​പ- ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ, യൊ​ഹാ​ൻ ക്രൈ​ഫ്- യൊ​ഹാ​ൻ നീ​സ്‌​ക​ൻ​സ്, റൊ​മാ​രി​യോ-​ബെ​ബെ​റ്റോ, റൊ​ണാ​ൾ​ഡോ-​റി​വാ​ൾ​ഡോ തു​ട​ങ്ങി​യ ഇ​തി​ഹാ​സ ജോ​ടി​ക​ൾ ച​രി​​ത്ര​ത്തി​ലി​ടം നേ​ടി​യ​വ​രാ​ണ്.

2026 ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​ന്റെ കി​ലി​യ​ൻ എം​ബാ​പ്പെ​യും മൈ​ക്ക​ൽ ഒ​ലി​സ​യു​മാ​ണ് മി​ക​ച്ച കൂ​ട്ടു​​കെ​ട്ടാ​യി മാ​റു​ന്ന​ത്. എം​ബാ​പ്പെ ഗോ​ള​ടി​ച്ച് കൂ​ട്ടു​മ്പോ​ൾ ഒ​ളി​പ്പോ​രാ​ളി​യാ​ണ് ബ​യേ​ൺ മ്യൂ​ണി​ക് വി​ങ്ങ​റാ​യ ഒ​ലി​സെ.

വേ​ഗ​വും ബു​ദ്ധി​യും മെ​യ്‍വ​ഴ​ക്ക​വും ആ​ത്മാ​ർ​ഥ​ത​യും നി​റ​ച്ച പ​ന്തു​മാ​യാ​ണ് ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഒ​ലി​സെ മു​ന്നേ​റു​ന്ന​ത്. ഇ​ത്ത​വ​ണ അ​ഞ്ച് അ​സി​സ്റ്റു​ക​ളാ​ണ് ഒ​ലി​സെ​യു​ടെ സം​ഭാ​വ​ന. ഈ ​കാ​ലു​ക​ളി​ൽ പ​ന്ത് കി​ട്ടി​യാ​ൽ എ​തി​രാ​ളി​ക​ൾ വി​റ​കൊ​ള്ളും. ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​രാ​യ എം​ബാ​പ്പെ​യും ഡെം​ബ​ലെ​യു​മെ​ല്ലാം ഒ​ലി​സെ​യു​ടെ പ​ന്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. എം​ബാ​പ്പെ​യും ഒ​ലി​സെ​യും ത​മ്മി​ലു​ള്ള ര​സ​ത​ന്ത്ര​മാ​ണ് ഫ്രാ​ൻ​സി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്. സ്വീ​ഡ​നെ​തി​രെ ഫ്രാ​ൻ​സി​ന്റെ 3-0 വി​ജ​യം ഈ ​ബ​ന്ധ​ത്തി​ന്റെ അ​ടു​പ്പ​വും വീ​ര്യ​വും കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു. വേ​ഗ​ത്തി​ലു​ള്ള വ​ൺ-​ടു-​വ​ൺ പാ​സു​ക​ളും കൃ​ത്യ​മാ​യ ത്രൂ​ബാ​ളു​ക​ളും ഫൈ​ന​ൽ തേ​ർ​ഡി​ലെ ബു​ദ്ധി​പ​ര​മാ​യ നി​ല​യു​റ​പ്പി​ക്ക​ലും ഇ​രു​വ​ർ​ക്കും പ​ര​സ്പ​രം കൃ​ത്യ​മാ​യി അ​റി​യാം. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ഈ ​പ​ര​സ്പ​ര ധാ​ര​ണ ‘ടെ​ലി​പ​തി​ക്’ തു​ല്യ​മാ​യാ​ണ് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഫ്രാ​ൻ​സി​ന്റെ ആ​ക്ര​മ​ണം തു​ട​ങ്ങു​മ്പോ​ൾ എം​ബാ​പ്പെ​യും ഒ​ലി​സെ​യും നി​ര​ന്ത​രം പൊ​സി​ഷ​ൻ മാ​റും. ഗ്യാ​പ്പു​ണ്ടാ​ക്കാ​നും മി​ടു​ക്ക​രാ​ണ്. എ​തി​ർ​ക​ളി​ക്കാ​ർ പെ​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​. ഫ്രാ​ൻ​സി​നെ ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ അ​റ്റാ​ക്കി​ങ് സം​ഘ​മാ​ക്കാ​ൻ കാ​ര​ണം ഈ ​നീ​ക്ക​ങ്ങ​ളാ​ണ്. എം​ബാ​പ്പെ നേ​ടി​യ ആ​റ് ഗോ​ളു​ക​ളി​ൽ മൂ​ന്നെ​ണ്ണം ഒ​ലി​സെ​യു​​ടെ സ​ഹാ​യ​ത്താ​ലാ​ണ്. ഔ​ദ്യോ​ഗി​ക​ ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം ഗോ​ള​ടി​ക്ക് കാ​ര​ണ​ഭൂ​ത​നാ​കു​ന്ന​ത് ഈ ‘​മു​ടി​യ​ൻ’ ആ​ണ്. ആ​കെ അ​ഞ്ച് അ​സി​സ്റ്റു​ക​ളു​മാ​യി സാ​ക്ഷാ​ൽ മ​റ​ഡോ​ണ​യു​ടെ നേ​ട്ട​ത്തി​നൊ​പ്പ​വു​മെ​ത്തി. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​ത്ത​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് 24​കാ​ര​ൻ. ആ​ദ്യ ലോ​ക​ക​പ്പി​ൽ ത​ന്നെ ക​ളി​യെ സ​ർ​ഗാ​ത്മ​ക​മാ​ക്കി​യ താ​ര​ത്തെ തേ​ടി റ​യ​ൽ മ​ഡ്രി​ഡടക്കം വ​മ്പ​ൻ ക്ല​ബു​ക​ൾ പി​ന്നാ​ലെ​യു​ണ്ട്.