അച്ഛനെ ഓർമ്മിപ്പിക്കുംവിധം ഷോട്ടുകളുമായി മകൻ സമിത് ദ്രാവിഡ്

ഹുബ്ലി: കെ.എസ്.സി.എ ടി20 ട്രോഫിയിൽ പിതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ രാഹുൽ ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ക്ലാസിക് ഷോട്ടുകളുമായി മകൻ സമിത് ദ്രാവിഡ്. ജൂലൈ ഒന്നിന് നടന്ന മത്സരത്തിൽ കല്യാണി ബംഗളൂരു ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ സമിത് 23 പന്തിൽ ആറ് ഫോറുകളുൾപ്പെടെ 32 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ഹുബ്ലി ടൈഗേഴ്സിനെതിരായ മത്സരത്തിൽ രണ്ട് റൺസിന്റെ ആവേശകരമായ വിജയമാണ് ബംഗളൂരു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഹുബ്ലി കെ.എസ്.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം.

ബാക്ക്-ഫൂട്ട് കട്ട് ഷോട്ടുകളും ലോഫ്റ്റഡ് ഡ്രൈവുകളും പുൾ ഷോട്ടുകളുമായി കളം നിറഞ്ഞ സമിത്തിന്റെ ബാറ്റിങ് പിതാവിന്റെ ക്ലാസിക് ശൈലിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ഇരുപതുകാരനായ താരത്തിന്റെ ബാറ്റിങ് പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. അർധസെഞ്ച്വറികൾ നേടിയ രോഹൻ പാട്ടീൽ (38 പന്തിൽ 64), പ്രവീൺ ദുബെ (28 പന്തിൽ 51) എന്നിവരുടെ ഇന്നിങ്സുകളാണ് ബ്ലാസ്റ്റേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ രോഹനും സമിത് ദ്രാവിഡും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് രോഹനും പ്രവീൺ ദുബെയും ചേർന്ന് 51 റൺസ് കൂടി കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ വെറും ഏഴ് പന്തിൽ 23 റൺസെടുത്ത ശിവ്‌രാജിന്റെ ബാറ്റിങ്ങും സ്കോറിങ്ങിന് വേഗം കൂട്ടി. ഹുബ്ലി ടൈഗേഴ്സിനായി വൈഭവ് ശർമ മൂന്നും (3/38) അഭിഷേക് അഹ്‌ലാവത്ത് രണ്ട് വിക്കറ്റും (2/39) വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹുബ്ലി ടൈഗേഴ്സ് ശക്തമായി പൊരുതിയെങ്കിലും ലക്ഷ്യത്തിന് തൊട്ടരികിൽ വീഴുകയായിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ അവർക്കായുള്ളൂ. വെറും 22 പന്തിൽ 60 റൺസടിച്ച മൻവന്ത് കുമാറാണ് ടൈഗേഴ്സിന്റെ ടോപ് സ്കോറർ. ശിവ്കുമാർ രക്ഷിത് (30 പന്തിൽ 41), അനീശ്വർ ഗൗതം (23 പന്തിൽ 34), അഭിനവ് മനോഹർ (15 പന്തിൽ 21) എന്നിവരും മികച്ച പ്രകടനം നടത്തി. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ നിർണായക ഘട്ടങ്ങളിൽ അഭിനവിന്റെയും മൻവന്തിന്റെയും വിക്കറ്റുകൾ വീണത് ടൈഗേഴ്സിന് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിനായി നിശ്ചിത് റാവു മൂന്നും (3/27) വിദ്വത് കവേരപ്പ രണ്ടും (2/55) വിക്കറ്റുകൾ നേടി.

ഏഴ് മത്സരങ്ങളിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ വിജയമാണിത്. ടൂർണമെന്റിൽ ഗുൽബർഗ മിസ്റ്റിക്സ്, ശിവമൊഗ്ഗ യോധാസ്, കോസ്റ്റൽ കിങ്സ് മംഗളൂരു എന്നിവരെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് മൈസൂർ വാരിയേഴ്സിനോട് മാത്രമാണ് ഇതുവരെ തോൽവി വഴങ്ങിയത്. 12 പോയന്റോടെ അവർ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കൂടുതൽ കരുത്താർജ്ജിച്ചു. അതേസമയം, ടൂർണമെന്റിൽ ഹുബ്ലി ടൈഗേഴ്സിന്റെ മൂന്നാമത്തെ തോൽവിയാണിത്.