‘അഞ്ചലോട്ട’ത്തിന്റെ 42 വർഷം; ഉണ്ണികൃഷ്ണന് ഇനി വിശ്രമം

ഉണ്ണികൃഷ്ണന് നാടിന്റെ സ്നേഹോപഹാരം നൽകുന്നു
കരുവാരകുണ്ട്: നാലര പതിറ്റാണ്ട് നീണ്ട ‘അഞ്ചലോട്ടക്കാര’ന്റെ വേഷമഴിച്ച് കുട്ടത്തിക്കാരുടെ ഉണ്ണിയേട്ടൻ. സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും കത്തും കമ്പികളുമായി ഓരോ വീടുകളിലുമെത്തിയിരുന്ന ഉണ്ണി പ്രദേശത്തെ ഓരോരുത്തർക്കും സുപരിചിതനായിരുന്നു. കരുവാരകുണ്ട് ഭവനംപറമ്പിലെ പട്ടിക്കാട് ഉണ്ണികൃഷ്ണനാണ് (65) തപാൽ വകുപ്പിൽനിന്ന് ചൊവ്വാഴ്ച വിരമിച്ചത്.
1983ൽ 23ാം വയസ്സിലാണ് ഉണ്ണികൃഷ്ണൻ പോസ്റ്റ്മാനായി സർവിസിൽ കയറിയത്. കരുവാരകുണ്ട് ഹെഡ് പോസ്റ്റ് ഓഫിസിലെ ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം കുട്ടത്തിയിലെത്തി. തുടർന്ന് 33 വർഷം ഇവിടെ തന്നെയാണ് കത്തുകളുമായി വഴികൾ താണ്ടിയത്. പ്രദേശത്തിന്റെ ഓരോ ഊടുവഴികളിലും കാൽനടയായി പുഞ്ചിരിയോടെ നടന്നുപോയിരുന്ന ഉണ്ണിക്ക് നാട്ടുകാർ സ്നേഹനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് അംഗം ടി. ഇംതിയാസ് ബാബു നാടിന്റെ ഉപഹാരം കൈമാറി. റഷീദ് പാതിക്കാടൻ, എൻ.ടി. അലവി, എം. സലീം എന്നിവർ സംസാരിച്ചു.
