കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രാധാനാധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞു; ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധം



കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിലേക്ക് കടത്തിവിട്ടില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് നടപടി. അധ്യാപകി സ്കൂളിലേക്ക് കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു.

ഇതോടെ അധ്യാപിക ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസിലും പരാതി നൽകി. പൊലീസ് എത്തി ഗേറ്റ് തുറന്നതിന് ശേഷമാണ് അധ്യാപിക സ്കൂളിലേക്ക് പ്രവേശിച്ചത്.

മുമ്പും സ്കൂളിൽ ചുരിദാർ ധരിച്ചുവന്നപ്പോൾ മാനേജറുടെ ഭാഗത്ത്നിന്ന് വസ്​ത്രധാരണത്തെ കുറിച്ച് സംസാരമുണ്ടായിട്ടുണ്ടെന്ന് അധ്യാപിക പറയുന്നു. മറ്റ് അധ്യാപികമാർക്കും സമാന അനുഭവം നേരിട്ടതായി അവർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.

സ്കൂളുകളിൽ അധ്യാപികമാർക്ക് ചുരിദാർ ധരിച്ചെത്താൻ സർക്കാർ അനുമതി നൽകിയിട്ട് വർഷങ്ങളായി. 2008 ഫെബ്രുവരി നാലിനാണ് ഇതുസംബന്ധിച്ച് ആദ്യം ഉത്തരവിറങ്ങിയത്.