കാപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞക്ക് ഇനി ആ പേരിൽ കളിക്കാനാവില്ല; പുതിയ ക്ലബ്ബ് ജേഴ്സിയിൽ പേര് മാറ്റണം

സാന്റിയാഗോ : 2026 ഫിഫ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ കായികലോകത്തിന്റെ മനംകവർന്ന കാപ് വെർഡെയുടെ വെറ്ററൻ ഗോൾകീപ്പർ വൊസീഞ്ഞക്ക് പുതിയ ക്ലബ്ബിൽ തിരിച്ചടി. ചിലിയിലെ വൻകിട ക്ലബായ ‘കോളോ കോളോ’യുമായി കരാറിലെത്തിയ 40-കാരനായ താരത്തിന് പ്രാദേശിക ഫുട്‌ബോൾ മാനേജ്‌മെന്റിന്റെ കർശന നിയമങ്ങൾ കാരണം തന്റെ പ്രിയപ്പെട്ട വിളിപ്പേര് ജേഴ്സിയിൽ ഉപേക്ഷിക്കേണ്ടി വരും.
ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കും സ്പെയിനിനുമെതിരെയും അതിശയകരമായ സേവുകളിലൂടെ ആഗോള ശ്രദ്ധ നേടിയ താരത്തിന്, ഇനി ഔദ്യോഗിക കുടുംബപേരായ ‘ഡയസ്’ അല്ലെങ്കിൽ ‘എവോറ ഡയസ്’ എന്ന പൂർണ്ണനാമം അച്ചടിച്ച ജഴ്സിയിലാകും താരത്തിന് കളത്തിലിറങ്ങേണ്ടി വരിക. കളിക്കാർക്ക് ഇഷ്ടമുള്ള നിക്ക് നെയിമുകളോ അപരനാമങ്ങളോ ജഴ്സിക്ക് പിന്നിൽ അച്ചടിക്കാൻ അനുമതി നൽകാത്ത ചിലി ഫുട്‌ബോൾ അസോസിയേഷന്റെ (ANFP) ചട്ടങ്ങളാണ് താരത്തിന് തടസ്സമാകുന്നത്.
പോർച്ചുഗീസ് ഭാഷയിൽ ‘കുഞ്ഞു അപ്പൂപ്പൻ’ എന്നാണ് ‘വൊസീഞ്ഞ’ എന്ന വാക്കിന്റെ അർത്ഥം. ബാല്യകാലത്ത് പ്രായത്തിൽ മൂത്ത കുട്ടികളോട് കളിച്ച് തോൽക്കുമ്പോൾ മുത്തശ്ശിയുടെ അടുത്ത് പോയി പരാതി പറയാറുള്ള ശീലം കാരണം മുത്തശ്ശി തമാശരൂപേണ വിളിച്ചുതുടങ്ങിയ ഈ പേര്, പിന്നീട് പ്രൊഫഷണൽ കരിയറിലും താരം കൂടെക്കൂട്ടുകയായിരുന്നു. ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഉൾപ്പെടെയുള്ള ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ് ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ കോളോ കോളോയിലേക്ക് വൊസീഞ്ഞ ചേക്കേറാൻ തീരുമാനിച്ചത്. ആഗോളതലത്തിൽ ഏറെ തരംഗം സൃഷ്ടിച്ച ഈ പേര് ജഴ്സിയിൽ നിന്ന് മാറ്റേണ്ടി വരുന്നത് ക്ലബിന്റെ ജേഴ്സി വിൽപ്പനയെ ബാധിച്ചേക്കുമെന്ന് ആരാധകർ ആശങ്കപ്പെടുന്നുണ്ട്. എങ്കിലും, പ്രത്യേക അനുമതിക്കായി ക്ലബ് അധികൃതർ ചിലിയൻ ഫുട്‌ബോൾ അസോസിയേനെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
